കേരളകൗമുദി എന്നും പിന്നാക്ക വിഭാഗങ്ങൾക്കൊപ്പം: മോഹൻ ശങ്കർ
അവകാശങ്ങൾ നേടിയെടുക്കാൻ എക്കാലവും പിന്നാക്ക ജനവിഭാഗങ്ങൾക്കൊപ്പം നിൽക്കുന്ന പത്രമാണ് കേരളകൗമുദിയെന്ന് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ പറഞ്ഞു. കേരളകൗമുദിയിലെ മികച്ച പ്രാദേശിക ലേഖകർക്കുള്ള പത്രാധിപർ സ്മാരക അവാർഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏത് രാഷ്ട്രീയ പാർട്ടിയായാലും അതിന്റെ തലപ്പത്ത് പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരെ കാണാനില്ല. വന്നുപോകുന്ന സ്ഥിതിയാണുള്ളത്. ശക്തമായ രീതിയിൽ ആളുകളെ മുന്നിലേക്ക് എത്തിക്കാൻ പത്രാധിപരെ പോലെ കഴിവുള്ള പിന്നാക്കക്കാർ ഇല്ലാതെ പോയതാണ് ഈ അവസ്ഥയ്ക്ക് കാരണം. അവകാശങ്ങൾ നേടിയെടുക്കാനും അനീതികളെ ചോദ്യം ചെയ്യാനും പത്രാധിപരെ പോലെ ശക്തരായവർ മുന്നോട്ട് വന്നെങ്കിൽ മാത്രമെ ഇത്തരം പ്രശ്നങ്ങൾ പരിഹാരിക്കാൻ സാധിക്കുള്ളു. ഇന്നും സാമ്പത്തിക സംവരണം കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരുന്നു. രാഷ്ട്രീയനേട്ടങ്ങൾ ഉണ്ടാക്കാൻ വേണ്ടി എന്ത് മര്യാദകേടും ചെയ്യാൻ മടിയില്ലാത്ത രാഷ്ട്രീയക്കാരുള്ള കാലത്താണ് നമ്മൾ ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.