ഐ.സി.യു പീഡനക്കേസ്: സസ്‌പെൻഷനിലായവർ തിരിച്ചെത്തി, പ്രതിഷേധവുമായി അതിജീവിത

Friday 19 September 2025 1:16 AM IST

കോഴിക്കോട്: മെഡി. കോളേജ് ഐ.സി.യു പീഡനക്കേസിലെ പ്രതിയെ രക്ഷിക്കാനായി തന്നെ ഭീഷണിപ്പെടുത്തിയ ജീവനക്കാരെ തിരികെ ജോലിയിൽ പ്രവേശിപ്പിച്ചതിൽ പ്രതിഷേധവുമായി അതിജീവിത. പ്രിൻസിപ്പലിന്റെ ചേംബറിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച അതിജീവിതയെയും സമരസമിതി നേതാവ് നൗഷാദ് തെക്കയിലിനെയും മെഡി.കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കിലാക്കി. പിന്നീട് വിട്ടയച്ചു. പ്രിൻസിപ്പലിന്റ ഔദ്യോഗിക കൃത്യനി‌ർവഹണം തടസപ്പെടുത്തിയതിനാണ് നടപടി.

രാവിലെ11 മണിയോടെയാണ് പ്രതിഷേധവുമായെത്തിയത്. സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്നും നീതി ലഭിക്കാൻ ആരോഗ്യ മന്ത്രിയുടെ വീടിന് മുന്നിൽ സമരമിരിക്കുമെന്നും നൗഷാദ് തെക്കയിൽ പറഞ്ഞു. പ്രതികളെ സംരക്ഷിച്ചുകൊണ്ടാണ് സർക്കാർ കൂടെയുണ്ടെന്ന് പറയുന്നത്. അതിലും നല്ലത് കൂടെ നിൽക്കാത്തതാണെന്ന് അതിജീവിത പറഞ്ഞു.

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് ഗ്രേഡ് വൺഅസിസ്റ്റന്റുമാരായ ആസ്യ, ഷൈനി, ഗ്രേഡ് 2 അറ്റൻഡർമാരായ ഷൈമ, ഷനൂജ നഴ്‌സിംഗ്അസിറ്റന്റ് പ്രസീത എന്നിവർ എം.സി.എച്ച്, ഐ.എം.സി.എച്ച്, ചെസ്റ്റ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലായി തിരികെ ജോലിയിൽ പ്രവേശിച്ചത്. ഇവരെ സസ്‌പെൻഡ് ചെയ്യുകയും പിന്നീട് സ്ഥലംമാറ്റുകയുമായിരുന്നു. തൈറോയിഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ പീഡിപ്പിച്ച മെഡി. കോളേജ് ജീവനക്കാരൻ എം.എം. ശശീന്ദ്രനെ രക്ഷിക്കാൻ വേണ്ടി ഇവർ ഭീഷണിപ്പെടുത്തി എന്നായിരുന്നു അതിജീവിതയുടെ പരാതി. 2023 മാർച്ച് 18നാണ് തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കുശേഷം അർദ്ധ ബോധാവസ്ഥയിലായിരുന്ന യുവതിയെ ഐ.സി.യുവിൽ വച്ച് അറ്റൻഡറായ ശശീന്ദ്രൻ ലൈംഗികമായി ഉപദ്രവിച്ചത്.