സി.ബി.എൽ അഞ്ചാം സീസൺ; ആദ്യമത്സരം ഇന്ന് ആലപ്പുഴയിൽ

Friday 19 September 2025 1:23 AM IST

ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളി മത്സരത്തിൽ ആദ്യ ഒമ്പത് സ്ഥാനങ്ങളിലെത്തിയവർ മാറ്റുരയ്ക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) അഞ്ചാം സീസണിന് ഇന്ന് തുടക്കമാകും. കുട്ടനാട് കൈനകരിയാണ് ആദ്യ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷനാകും. ആകെ 14 കേന്ദ്രങ്ങളിലാണ് സീസൺ മത്സരങ്ങൾ അരങ്ങേറുക. രണ്ടാം മത്സരം കണ്ണൂരിലെ ധർമ്മടത്താണ് നടക്കേണ്ടത്. ഉദ്ഘാടകനായ മുഖ്യമന്ത്രിക്ക് സൗകര്യപ്രദമായ തീയതിയിലാവും മത്സരം. മറ്റെല്ലാ വേദികളുടെയും തീയതി നേരത്തെ തീരുമാനമായിട്ടുണ്ട്. മുൻ വർഷങ്ങളിൽ നിന്ന് വിപരീതമായി ഈ സീസൺ മുതൽ ഏതുതരം തുഴ ഉപയോഗിക്കുന്നതിനും, ഇതരസംസ്ഥാനക്കാരെയും പ്രൊഫഷണൽ തുഴച്ചിലുകാരെയും ഉൾപ്പെടുത്തുന്നതിനും നിയന്ത്രണമില്ല. ഇന്ന് കൈനകരിയിൽ ആരംഭിച്ച് ഡിസംബർ ആറിന് കൊല്ലം പ്രസിഡന്റ്സ് ട്രോഫിയോടെയാണ് സി.ബി.എൽ സീസൺ അവസാനിക്കുക. കഴിഞ്ഞ വർഷം കേവലം ആറ് മത്സരം മാത്രമാണ് സി.ബി.എല്ലിൽ നടത്താനായത്. ലക്ഷങ്ങളാണ് സി.ബി.എല്ലിൽ സമ്മാനത്തുകയായി വിതരണം ചെയ്യുക. എല്ലാ മത്സരങ്ങളിലും സമ്മാനത്തുകയും വിജയികൾക്ക് പ്രത്യേക സമ്മാനവുമുണ്ട്. വീയപുരം, നടുഭാഗം, മേൽപ്പാടം, നിരണം, പായിപ്പാടൻ 1, നടുവിലേപ്പറമ്പൻ, കാരിച്ചാൽ, ചെറുതന, ചമ്പുക്കുളം എന്നീ ചുണ്ടനുകളാണ് ഫിനിഷിംഗ്സമയത്തിന്റെ അടിസ്ഥാനത്തിൽ സി.ബി.എൽ യോഗ്യത നേടിയത്. ആദ്യ മത്സരത്തിന് ആതിഥേയരാകുന്ന കൈനകരിയുടെ സ്വന്തം യുണൈറ്റഡ് ബോട്ട് ക്ലബിന് ഇതാദ്യമായി സി.ബി.എല്ലിൽ യോഗ്യത നേടാനായില്ല. നെഹ്റുട്രോഫി ഹീറ്റ്സിൽ മത്സരിച്ചെങ്കിലും ലൂസേഴ്സ് ഫൈനലിൽ യു.ബി.സി തുഴഞ്ഞിരുന്ന തലവടി ചൂണ്ടൻ മത്സരിച്ചിരുന്നില്ല.