പ്രൊമോട്ടർമാരുടെ ഓണറേറിയം വർദ്ധന പരിഗണനയിൽ
തിരുവനന്തപുരം: പട്ടികജാതി, പട്ടികവർഗ പ്രൊമോട്ടർമാരുടെ ഓണറേറിയം വർദ്ധിപ്പിക്കുന്നത് പരിഗണനയിലാണെന്ന് മന്ത്റി ഒ.ആർ.കേളു നിയമസഭയെ അറിയിച്ചു. അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ 50 ശതമാനത്തിലധികം പദ്ധതികളും പൂർത്തിയായി. 2016- 17 മുതൽ 2024- 25 വരെ 800 ഗ്രാമങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തി. ഇതിൽ 428 ഗ്രാമങ്ങളുടെ പ്രവൃത്തി പൂർത്തീകരിച്ചു. ഈ വർഷം 73 ഗ്രാമങ്ങളെക്കൂടി പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. അനുമതി ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിന് ജില്ലാതല ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ച് ഡി.പി.ആറിന് അംഗീകാരം നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. പട്ടികവർഗ വികസന വകുപ്പിന്റെ ജൂബിലിയോടനുബന്ധിച്ച് കോൺക്ലേവ് സംഘടിപ്പിക്കും. ദേശീയ അന്തർദ്ദേശീയ രംഗത്തെ വിദഗ്ദ്ധർ പങ്കെടുക്കും. ആലപ്പുഴയിൽ പട്ടിക വർഗക്കാർക്കായി നടപ്പാക്കുന്ന പി.കെ.കാളൻ പദ്ധതി സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുന്നത് പരിശോധിക്കുമെന്നും മന്ത്റി അറിയിച്ചു.