അരുന്ധതി റോയ്‌യുടെ പുസ്തകം: കേന്ദ്രത്തിന്റെ വിശദീകരണം തേടി

Friday 19 September 2025 1:39 AM IST

കൊച്ചി: അരുന്ധതി റോയ്‌യുടെ 'മദർ മേരി കംസ് ടു മി" എന്ന പുസ്തകത്തിന്റെ വില്പന വിലക്കണമെന്ന് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. എഴുത്തുകാരി പുകവലിക്കുന്ന മുഖചിത്രമുള്ള പുസ്തകം, നിയമപ്രകാരമുള്ള മുന്നറിയിപ്പ് രേഖപ്പെടുത്താതെ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് ഹർജിയിൽ പറയുന്നു. അഡ്വ. രാജസിംഹന്റെ ഹർജിയിൽ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി. വിഷയം പരിശോധിക്കാൻ ചുമതലപ്പെട്ട അതോറിറ്റി ഏതെന്ന് വ്യക്തമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകമറിയുന്ന എഴുത്തുകാരിയായ അരുന്ധതി പുകവലിക്കുന്ന ചിത്രം കൗമാരക്കാരെ, പ്രത്യേകിച്ച് പെൺകുട്ടികളെ ദോഷകരമായി സ്വാധീനിക്കാനിടയുണ്ട്. ഇത് പുകയിലയുടെ പരോക്ഷമായ പരസ്യമാണെന്നും 'സിഗരറ്റ്സ് ആൻഡ് ടുബാക്കോ പ്രോഡക്ടസ്" നിയന്ത്രണ നിയമത്തിന്റെ(കോപ്റ്റ 2003) ലംഘനമാണെന്നും ഹ‌ർജിക്കാരൻ വാദിച്ചു. പൊതുജനാരോഗ്യം, ധാർമികത, യുവജനക്ഷേമം എന്നിവ കണക്കിലെടുത്താണ് ഹർജിയെന്നും പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് തർക്കമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകളും അരുന്ധതി, പ്രസാധകരായ പെൻഗ്വിൻ ബുക്സ് തുടങ്ങിയവരും എതിർകക്ഷികളാണ്. ഹർജി വീണ്ടും 25ന് പരിഗണിക്കും.