 ഉപകരണം ഇന്നെത്തിക്കും -- തിരു. മെഡിക്കൽ കോളേജിൽ യൂറോളജി സർജറി മുടങ്ങില്ല

Friday 19 September 2025 1:50 AM IST

തിരുവനന്തപുരം : മെഡിക്കൽ കോളേജ് യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയയ്ക്ക് രോഗികളെ ഇന്നു മുതൽ വീണ്ടും അഡ്മിറ്റ് ചെയ്യും. ഉപകരണക്ഷാമത്തെ തുടർന്ന്,​ ഗുരുതരമല്ലാത്ത രോഗികളെ അഡ്മിറ്റ് ചെയ്യുന്നത് ബുധനാഴ്ച നിറുത്തിവച്ചിരുന്നു. എന്നാൽ ഇന്നലെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ഉപകരണം ഇന്ന് രാവിലെ എത്തിക്കാനുള്ള നടപടിയായി.

ഫ്‌ളെക്സിബിൾ യൂറിട്ടറോസ്‌കോപ് എന്ന ഉപകരണമില്ലാത്തതിനാൽ വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യുന്ന സർജറിയാണ് മുടങ്ങുന്ന സ്ഥിതിയായത്. ഉപകരണം ആവശ്യപ്പെട്ട് വകുപ്പ് മേധാവി ഡോ.ഹാരിസ് ആശുപത്രി വികസന സമിതിക്ക് കത്ത് നൽകിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. കഴിഞ്ഞദിവസം ഇദ്ദേഹം നേരിട്ട് വികസനസമിതി ഓഫീസിലെത്തി കാര്യങ്ങൾ അന്വേഷിക്കുകയും അതൃപ്തി അറിയിക്കുകയും ചെയ്തു. പിന്നാലെയാണ് ഗുരുതരമല്ലാത്ത രോഗികളെ അഡ്മിറ്റ് ചെയ്യുന്നത് നിറുത്തിവച്ചത്.

ഫ്‌ളെക്സിബിൾ യൂറിട്ടറോസ്‌കോപിന് 60,000 രൂപയാണ് ചെലവ്. പരമാവധി 12 പേരുടെ കല്ലുകൾ നീക്കം ചെയ്യാൻ ഉപയോഗിക്കാം. നേരത്തെ രോഗികളിൽ നിന്ന് പിരിവെടുത്ത് ഇത് വാങ്ങിയിരുന്നു. വിവാദമായതോടെ പിരിവ് നിറുത്തലാക്കി.

ഹൃദയ ശസ്ത്രക്രിയ

ഉപകരണങ്ങളെത്തി

സമരത്തിലുള്ള കമ്പനികൾ മെഡിക്കൽ കോളേജ് ആശുപത്രിക്ക് മാത്രമായി സ്റ്റെന്റ് ഉൾപ്പെടെയുള്ള ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ ഇന്നലെ എത്തിച്ചു. കഴിഞ്ഞ ദിവസം കമ്പനി പ്രതിനിനിധികളുമായുള്ള ചർച്ചയിൽ,​ ശസ്ത്രക്രിയ മുടങ്ങിയാൽ ബദൽമാർഗം തേടുമെന്നും പിന്നീട് സഹകരിക്കില്ലെന്നും സൂപ്രണ്ട് നിലപാടെടുത്തിരുന്നു. സർക്കാർ അനുവദിക്കുന്ന മുറയ്ക്ക് കൃത്യമായി പണം നൽകുമെന്ന ഉറപ്പും നൽകി. പിന്നാലെയാണ് ഉപകരണങ്ങളെത്തിച്ചത്.