അയ്യപ്പസംഗമം കബളിപ്പിക്കൽ : ചെന്നിത്തല

Friday 19 September 2025 1:52 AM IST

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം അയ്യപ്പഭക്തന്മാരെ കബളിപ്പിക്കാനുള്ള പദ്ധതിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ശബരിമലയ്ക്കു ഭൂമി നൽകിയതും സന്നിധാനത്ത് കുടിവെള്ളം എത്തിച്ചതും പരിഷ്‌കാരങ്ങൾ നടപ്പാക്കിയതും ഉമ്മൻചാണ്ടി സർക്കാരാണ്. അന്നു മാസ്റ്റർ പ്ലാൻ കൊണ്ടുവന്നു. അത് കഴിഞ്ഞ് 10 വർഷമായിട്ടും നടപ്പാക്കിയില്ല. ഇപ്പോൾ അതേക്കുറിച്ച് പഠിക്കാൻ എന്ന പേരിൽ അയ്യപ്പസംഗമം നടത്തുന്നുവെന്നു പറഞ്ഞാൽ ആരു വിശ്വസിക്കും. സംഗമം നടത്തുന്നതിനു മുമ്പ് നാല് കോടി രൂപ വിലയുള്ള സ്വർണപ്പാളികൾക്ക് എന്തു സംഭവിച്ചുവെന്നു സർക്കാർ വിശദീകരിക്കട്ടെ. ഹൈക്കോടതിയുടെ അനുവാദമില്ലാതെയാണ് സ്വർണപ്പാളികൾ തമിഴ്നാട്ടിൽ കൊണ്ടുപോയിരിക്കുന്നത്. എത്ര കൊണ്ടുപോയി, എത്ര കൊണ്ടുവന്നു എന്ന് ആർക്കും അറിയില്ല.

മുൻ മുഖ്യമന്ത്രി ആന്റണിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി നിയമസഭയിൽ നടത്തിയ പരാമർശം എതിർക്കേണ്ടതായിരുന്നെന്ന് ചെന്നിത്തല പ്രതികരിച്ചു. താൻ ഈ സമയത്ത് സഭയിലുണ്ടായിരുന്നില്ല. അടിയന്തര പ്രമേയ ചർച്ചയ്ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞശേഷം പിന്നെ വിഷയത്തെക്കുറിച്ച് പറയുന്നതിന് സാങ്കേതികമായ തടസമുണ്ടെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.