ജലീലിനെതിരെ പി.വി.അൻവർ

Friday 19 September 2025 4:52 AM IST

മലപ്പുറം: മന്ത്രിയായിരിക്കേ സമൂഹത്തിനും സമുദായത്തിനുമായി ഒരു ചുക്കും ചെയ്യാത്ത കെ.ടി.ജലീൽ ഇപ്പോൾ ഖുർആൻ പൊക്കിപിടിച്ച് നടക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി.അൻവർ മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. താൻ പറയുന്നത് ആരും വിശ്വസിക്കില്ലെന്ന് അറിയാവുന്നതിനാലാണ് ജലീൽ ഖുർആനുമായി നടക്കുന്നത്

ജലീലിന്റെ കൈവശം എപ്പോഴും രണ്ട് സഞ്ചികളുണ്ടാകും. ഒന്നിൽ ഖുർആനും മറ്റൊന്നിൽ യൂത്ത് ലീഗുകാർ ഉടുത്ത തുണിയുമാണ്. പി.കെ.ഫിറോസ് പൊതുപ്രവർത്തകൻ മാത്രമാണ്. ദുബായ് വിസയുള്ളതും ബിസിനസ് ചെയ്യുന്നതും വ്യക്തിപരമായ കാര്യങ്ങളാണ് അൻവർ പറഞ്ഞു. പ്രതിപക്ഷത്തെ അസ്ഥിരപ്പെടുത്താനുള്ള വലിയ നീക്കം സി.പി.എമ്മിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ പ്രതിപക്ഷ നേതാവിനെതിരായ ആക്രമണം ഇതിന്റെ ഭാഗമാണ്. ഇതിനെ പ്രതിരോധിക്കാൻ യു.ഡി.എഫിലെ ഒരു മുതിർന്ന നേതാവും തയാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിച്ച് ജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുമെന്നും ആരെയും കാത്തുനിൽക്കാതെ സമദൂരം പാലിച്ചാണ് മുന്നോട്ട് പോവുന്നതെന്നും അദ്ദേഹം പറഞ്ഞു.