ആഗോള അയ്യപ്പ സംഗമം നാളെ, ഒരുക്കങ്ങളെല്ലാം പൂർത്തിയായി; ക്ഷണം സ്വീകരിച്ചത് തമിഴ്‌നാട് സർക്കാർ മാത്രം

Friday 19 September 2025 7:31 AM IST

പമ്പ: ആഗോള അയ്യപ്പ സംഗമം നാളെ. ഒരുക്കങ്ങളെല്ലാം പൂർണമായിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ ക്ഷണം സ്വീകരിച്ച് പരിപാടിയിൽ പങ്കെടുക്കാനെത്തുന്നത് തമിഴ്നാട് സർക്കാർ മാത്രമാണെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട് മന്ത്രിമാരായ ബി കെ ശേഖർ ബാബു, പളനിവേൽ ത്യാഗരാജൻ എന്നിവരായിരിക്കും പരിപാടിയിൽ പങ്കെടുക്കുക.

ചടങ്ങിൽ വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ അല്ലെങ്കിൽ പ്രതിനിധികളുടെ സാന്നിദ്ധ്യമുണ്ടാക്കാൻ ശ്രമിക്കുമെന്ന് സംഘാടകർ മുമ്പ് അറിയിച്ചിരുന്നു. എന്നാൽ കർണാടക, തെലങ്കാന, ഡൽഹി സർക്കാരുകളുടെ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ് പുറത്തുവന്ന ബ്രോഷറിൽ നിന്ന് വ്യക്തമാകുന്നത്.

കേരളത്തിലെ മന്ത്രിമാരാണ് ചടങ്ങിലെ മറ്റ് ക്ഷണിതാക്കൾ. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എൻ എസ് എസ് വൈസ് പ്രസിഡന്റ് എൻ സംഗീത്കുമാർ, കെ പി എം എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, മലയരയ സമാജം ജനറൽ സെക്രട്ടറി പി കെ സജീവ്, കേരള ബ്രാഹ്മണസഭ ജനറൽ സെക്രട്ടറി കരിമ്പുഴ രാമൻ, ശിവഗിരി മഠത്തെ പ്രതിനിധീകരിച്ച് സ്വാമി പ്രബോധ തീർത്ഥ തുടങ്ങിയവർ പങ്കെടുക്കും. അമ്പലപ്പുഴ, ആലങ്ങാട് പേട്ട സംഘങ്ങളുടെ പ്രതിനിധികളും ഉണ്ടാവും.

അവസാനഘട്ട ഒരുക്കങ്ങൾ ദേവസ്വം മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ ഇന്നലെ വിലയിരുത്തിയിരുന്നു. 3500 പ്രതിനിധികൾ പങ്കെടുക്കും. പാസുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം. രാവിലെ ആറ് മുതൽ ഒൻപത് വരെയായിരിക്കും രജിസ്‌ട്രേഷൻ.

പമ്പ ത്രിവേണിയിലെ പ്രധാന വേദിയിൽ നാളെ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും. തുടർന്ന് മൂന്നു വേദികളിലായി ശബരിമല വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ അധിഷ്ഠിതമായ ചർച്ചകൾ നടക്കും. ഹിൽ ടോപ്പിലെ വേദിയിൽ ആദ്ധ്യാത്മിക ടൂറിസത്തെക്കുറിച്ചും പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ തിരക്ക് നിയന്ത്രണത്തെക്കുറിച്ചുമാണ് ചർച്ച. വിവരങ്ങൾ ക്രോഡീകരിച്ച് തുടർന്നുള്ള വികസന പ്രവർത്തനങ്ങളുടെ ആസൂത്രണം ദേവസ്വം ബോർഡ് നടത്തും.

സംഗമത്തിനെത്തുന്ന പ്രതിനിധികൾ ശബരിമല വികസനത്തിന് പണം സ്‌പോൺസർ ചെയ്താൽ സ്വീകരിക്കുമെന്ന് മന്ത്രി വി എൻ വാസവൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. പണം സ്വീകരിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്കുകളില്ല. അയ്യപ്പ സംഗമം നടത്താൻ ഏഴ് കോടി രൂപ ചെലവുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. ഈ തുക സ്‌പോൺസർഷിപ്പിലൂടെ കിട്ടിയെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.