"ബോംബ് വരുന്നുണ്ടെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു,​ അപവാദപ്രചാരണം നടത്തിയവരെ വെറുതെവിടില്ല"; പരാതി നൽകി കെ ജെ ഷൈൻ

Friday 19 September 2025 8:05 AM IST

കൊച്ചി: സൈബർ ആക്രമണത്തിൽ പരാതി നൽകി സിപിഎം നേതാവും അദ്ധ്യാപികയുമായ കെ ജെ ഷൈൻ. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും വനിതാ കമ്മീഷനുമാണ് പരാതി നൽകിയിരിക്കുന്നത്. അപവാദ പ്രചാരണം നടത്തിയവരെ വെറുതെവിടില്ലെന്ന് ഷൈൻ പ്രതികരിച്ചു.

'കേരളത്തിൽ രണ്ടാഴ്ചയായി ചർച്ച ചെയ്യുന്ന ലൈംഗിക കുറ്റമുണ്ടല്ലോ, ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ട ഒരു എം എൽ എയെ രക്ഷിക്കാൻ പല തരത്തിൽ ശ്രമിച്ചിട്ടും കഴിയുന്നില്ല. നിയമസഭ കൂടുന്നു, അതിനകത്ത് എല്ലാ പ്രതിരോധങ്ങളും കരുത്തോടെയെടുക്കാമെന്ന് വിചാരിച്ച യുഡിഎഫിനും കോൺഗ്രസിനും അതിന് കഴിയാത്ത നിസഹായവസ്ഥയുണ്ട്. അതിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമായിട്ടായിരിക്കാം ഇത്തരം സൈബർ ആക്രമണം ഉണ്ടായത്. ആ എം എൽ എയെ അറിയാം. ഞങ്ങൾ ഒരുമിച്ച് വേദിയിൽ വരാറും സംസാരിക്കാറുമൊക്കെയുണ്ട്. പതിനൊന്നാം തീയതിയാണെന്ന് തോന്നുന്നു, പൊതുവേദിയിൽവച്ച് എന്റെ സുഹൃത്തുകൂടിയായിട്ടുള്ള കോൺഗ്രസിന്റെ പ്രാദേശിക നേതാവ് എന്റെയടുത്തിരുന്നുകൊണ്ട്,​ ടീച്ചറേ ഒരു ബോംബ് വരുന്നുണ്ടെന്ന് പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോൾ ധൈര്യമായിട്ടിരുന്നുകൊള്ളണം, എന്ത് കേട്ടാലും വിഷമിക്കരുതെന്ന് പറഞ്ഞു. ടീച്ചറേയും ഒരു എം എൽ എയേയും കൂട്ടി ഒരു സാധനം വരുന്നുണ്ടെന്നാണ് പറഞ്ഞത്. ചിലപ്പോൾ അദ്ദേഹം നിഷ്‌കളങ്കനായിട്ട് പറഞ്ഞുപോയതായിരിക്കാം. അതിനുശേഷമാണ് തിരിച്ചറിയാൻ കഴിയാത്ത ഒരു പോസ്റ്റർ വന്നത്. ഭർത്താവ് പരാതി കൊടുക്കാമെന്ന് പറഞ്ഞു. പക്ഷേ ആർക്കെതിരെ കൊടുക്കും. അതിന്റെയകത്ത് പേരും ഊരുമൊന്നുമില്ല. നമ്മളത് മൈൻഡ് ചെയ്തില്ല. രണ്ടുമൂന്നുദിവസം കഴിഞ്ഞ് പടംവച്ച് വരുന്നു. എന്തെല്ലാം വൾഗറായിട്ടുള്ള കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. വലതുപക്ഷ രാഷ്ട്രീയത്തിൽ നിന്ന് തന്നെയാണ് ഗൂഢാലോചന വന്നത്. പരാതി കൊടുത്തു. അന്വേഷണം ആരംഭിച്ചു. തെളിവുകളും കാര്യങ്ങളുമെല്ലാം കൊടുത്തിട്ടുണ്ട്. വെറുതെ ഇരിക്കില്ല,​'- കെ ജെ ഷൈൻ പറഞ്ഞു.