'പീഡന വീരനെ താങ്ങുന്നവനെ സൂക്ഷിക്കുക, യൂത്ത് കോൺഗ്രസിൽ കോഴികളുണ്ട്'; പരാതിയുമായി യൂത്ത് കോൺഗ്രസ് ജില്ലാ  പ്രസിഡന്റ്

Friday 19 September 2025 8:25 AM IST

കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമുള്ള ചിത്രം മോശമായ രീതിയിലുള്ള പോസ്റ്റർ ആക്കി പ്രചരിപ്പിച്ചതിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ. കണ്ണൂർ ശ്രീകണ്ഠാപുരം പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിന് പിന്നിൽ സി പി എമ്മുകാരാണെന്നും ഇടതുകോട്ടയായിരുന്ന വാർഡിൽ ജയിച്ചപ്പോൾ തൊട്ട് തുടങ്ങിയതാണ് അപവാദപ്രചാരണമെന്നും വിജിൻ മോഹൻ പറഞ്ഞു.

ശ്രീകണ്ഠാപുരം നഗരസഭ കൗൺസിലർ കൂടിയായ വിജിൽ മോഹൻ രാഹുൽ മാങ്കൂട്ടവുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്. രാഹുലിനെ തിരിച്ച് കൊണ്ട് വരണമെന്ന് വിജിൽ മോഹൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

'പീഡന വീരനെ താങ്ങുന്നവനെ സൂക്ഷിക്കുക', പൂവൻ കോഴിയുടെ ചിത്രംവച്ച് 'യൂത്ത് കോൺഗ്രസിൽ കോഴികളുണ്ട്' എന്നിങ്ങനെ എഴുതിയാണ് പോസ്റ്ററുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിപ്പിച്ചിരിക്കുന്നത്. രാഹുലും വിജിലും ചേർന്ന് നിൽക്കുന്ന ഫോട്ടയും പോസ്റ്ററിലുണ്ട്. വിജിൽ മോഹനും രാഹുൽ മാങ്കൂട്ടത്തിലും അഴിമതിക്കാരാണെന്നാരോപിച്ച മുൻ ഡി സി സി ജനറൽ സെക്രട്ടറി കെ സി വിജയൻ കുറച്ചുനാളുകൾക്ക് മുമ്പ് സ്ഥാനം രാജിവച്ചിരുന്നു.