പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; ഈ ചിക്കൻ ഉൽപ്പന്നം വാങ്ങി കഴിക്കരുത്, ഗുരുതര രോഗങ്ങൾ വന്നേക്കാം, മുന്നറിയിപ്പ്
റിയാദ്: വിപണിയിൽ ലഭ്യമായ ചിക്കൻ ഫ്രാങ്ക്ഫർട്ടറുകൾ കഴിക്കരുതെന്ന അടിയന്തര മുന്നറിയിപ്പുമായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്‌എഫ്‌ഡിഎ). രാജ്യത്തുടനീളമുള്ള വിപണികളിൽ നിന്ന് ഫ്രാങ്ക്ഫർട്ടറുകൾ തിരിച്ചെടുക്കാനും എസ്‌എഫ്‌ഡിഎ നിർദേശം നൽകി. അൽ തരൗട്ടി എന്ന ബ്രാൻഡിന്റെ ചിക്കൻ ഫ്രാങ്ക്ഫർട്ടറുകളിൽ സ്റ്റാഫൈലോകോക്കസ് ഓറിയസ് ബാക്ടീരിയയുടെ സാന്നിദ്ധ്യം ലബോറട്ടറി പരിശോധനയിൽ സ്ഥിരീകരിച്ചതിനാലാണ് നടപടി.
2026 മേയ് നാല് വരെ കാലാവധിയുള്ള 12 പീസ് കണ്ടെയ്‌നറുകളിൽ പാക്ക് ചെയ്‌തിട്ടുള്ള അൽ തരൗട്ടി ചിക്കൻ ഫ്രാങ്ക്ഫർട്ടറുകളാണ് വിപണിയിൽ നിന്ന് നീക്കുന്നത്. L2216.ZCN.F ആണ് ഇതിന്റെ ബാച്ച് നമ്പർ. സ്റ്റാഫൈലോകോക്കസ് ഓറിയസ് ബാക്ടീരിയയുടെ സാന്നിദ്ധ്യം കഴിക്കുന്നവരിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കും. ഇവ വാങ്ങി വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ ഉടനെ നശിപ്പിക്കണമെന്നും എസ്‌എഫ്‌ഡിഎ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അൽ തരൗട്ടി കമ്പനിയുടെ ഉടമയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചതായും എസ്‌എഫ്‌ഡിഎ പറഞ്ഞു.
സൗദിയിൽ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ലംഘിച്ചാൽ പത്ത് ദശലക്ഷം റിയാൽ വരെ പിഴയോ പത്ത് വർഷം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടെയോ ശിക്ഷ ലഭിക്കുന്നതാണ്. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ലംഘനങ്ങൾ അനുവദിക്കില്ലെന്ന് അതോറിറ്റി ഊന്നിപ്പറഞ്ഞു. രാജ്യത്തെ പൊതുജനങ്ങൾക്കും ഇത്തരം നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം. അതിനായി 19999 എന്ന ഹോട്ട്‌ലൈൻ നമ്പർ വഴി വിളിച്ച് അറിയിക്കാവുന്നതാണ്.