മക്കൾക്ക് ഫോണില്ലെന്ന ആശ്വാസമാണോ നിങ്ങൾക്ക്? എങ്കിൽ അത് അസ്ഥാനത്താണ്, രക്ഷിതാക്കളെ ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങൾ
കോഴിക്കോട്: കാസർകോട് ഡേറ്റിംഗ് ആപ്പ് വഴി സൗഹൃദത്തിലായി പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന വാർത്ത ഞെട്ടലോടെയാെണ് കേരളം കേട്ടത്. ഈ സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ വെളിവായത് അതിനേക്കാൾ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ഗേ ഡേറ്റിംഗ് ആപ്ലിക്കേഷൻ ആയ 'ജി ആർ' എന്നറിയപ്പെടുന്ന ഗ്രൈൻഡർ ഡേറ്റിംഗ് ആപ്ലിക്കേഷൻ വഴി പ്രായപൂർത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്യുന്നത് വ്യാപകമെന്ന് അന്വേഷണത്തിൽ വ്യക്തമായെന്നാണ് ഒരു മാദ്ധ്യമം റിപ്പോർട്ടുചെയ്യുന്നത്. ഇതിനൊപ്പം കുട്ടികളിൽ നിന്ന് പണം തട്ടുന്നതും അവരെ ലഹരി വില്പനയ്ക്ക് ഉപയോഗിക്കുന്നതും വ്യാപകമാണെന്നും കണ്ടെത്തി.
പതിനെട്ടുവയസിന് താഴെയുള്ളവർക്ക് ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാനാവില്ല. എന്നാൽ ഫോൺനമ്പർ, മെയിൽ എന്നിവ ഉപയോഗിച്ച് വയസ് തെറ്റായി നൽകിയാണ് ആപ്പ് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ കോഴിക്കോട് നഗരത്തിൽ മാത്രം പ്രായപൂർത്തിയാകാത്ത നിരവധി വിദ്യാർത്ഥികൾ ആപ്പ് ഉപയോഗിക്കുന്നുണ്ടത്രേ. സ്വന്തമായി ഫോണില്ലാത്തവർ വീട്ടുകാരുടെ ഫോൺ ഉപയോഗിച്ചാണ് അക്കൗണ്ട് ഉണ്ടാക്കുന്നത്. അക്കൗണ്ട് എടുത്തുകഴിഞ്ഞാൽ അതിന്റെ പാസ്‌വേഡ് ഉൾപ്പെടെയുള്ള വിവരങ്ങൾ ഓർത്തുവച്ചശേഷം ആപ്പ് ഫോണിൽ നിന്ന് അൺ ഇൻസ്റ്റാൾ ചെയ്യും. അതിനാൽത്തന്നെ മക്കൾ ആപ്പിൽ അക്കൗണ്ട് എടുത്തകാര്യം രക്ഷിതാക്കൾ അറിയുകയുമില്ല. വീണ്ടും ഫാേൺ കയ്യിൽ കിട്ടുമ്പോൾ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുകയും ചെയ്യും.
അക്കൗണ്ടെടുത്തുകഴിഞ്ഞാൽ പിന്നെ സന്ദേശങ്ങളുടെ പെരുമഴക്കാലമാണ്. പേരും വയസും ചിത്രങ്ങളും ചോദിക്കുന്നവരുമുണ്ട്. തുടർന്നാണ് ലൈംഗികാവശ്യങ്ങൾക്ക് ക്ഷണിക്കുന്നത്. എന്നാൽ ചിലർ ഇത് ആദ്യമേ പറയില്ല. ഉപദേശരൂപത്തിലും വാത്സല്യരൂപത്തിലും സംസാരിച്ചശേഷമായിരിക്കും ലൈംഗികാവശ്യം പറയുന്നത്. താൽപ്പര്യമില്ലെന്ന് പറഞ്ഞാൽ പണം വാഗ്‌ദാനം ചെയ്യും. അതിലും വഴങ്ങിയില്ലെങ്കിൽ ഭീഷണിപ്പെടുത്തലുമുണ്ട്. ലഹരി ആവശ്യമുണ്ടോ എന്നുള്ള നിരവധി സന്ദേശങ്ങളും എത്തുന്നുണ്ട്. പൊലീസിന്റെ പിടിയിൽപ്പെടാതെ ലഹരി എങ്ങനെ ഒളിപ്പിച്ചുവയ്ക്കാം എന്നെല്ലാം ചിത്രങ്ങളുടെ സഹായത്തോടെ വിശദീകരിച്ചുനൽകുകയും ചെയ്യുന്നുണ്ട്. ഇതിൽ വീഴുന്നവരെയാണ് ലഹരി വില്പനയ്ക്ക് ഉപയോഗിക്കുന്നത്. ലഹരി നൽകി മയക്കിയശേഷം പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗിമായി ഉപയോഗിക്കുന്നുണ്ട്.