റോഡ് അറ്റകുറ്റപ്പണിക്ക് കൈക്കൂലി, സിപിഎം കൗൺസിലറുടെ രാജിവാങ്ങി തിരുവനന്തപുരം മേയർ, പാർട്ടിയിൽ നിന്നും പുറത്തേക്ക്
തിരുവനന്തപുരം: റോഡ് നിർമ്മാണത്തിന് കൈക്കൂലി വാങ്ങുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടത്തറ കൗൺസിലർ ബി രാജേന്ദ്രൻ രാജിവച്ചു. രാജിവയ്ക്കാൻ മേയർ ആര്യാ രാജേന്ദ്രൻ ആവശ്യപ്പെടുകയായിരുന്നു. രാജേന്ദ്രനെ സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎയും അറിയിച്ചു.
മുട്ടത്തറ വാർഡിൽ ഇരുപതുപേർ ഉപയോഗിക്കുന്ന റോഡ് ഇന്റർലോക്ക് പാകിയുളള അറ്റകുറ്റപ്പണിക്ക് 12 ലക്ഷം രൂപ പാസായതിനുപിന്നാലെയാണ് പ്രദേശവാസികളോട് ബി രാജേന്ദ്രൻ ഒരുലക്ഷം രൂപ കമ്മിഷൻ ചോദിച്ചത്. റോഡ് ഉപയോഗിക്കുവരോട് പണം നൽകാൻ അദ്ദേഹം തുടർച്ചയായി നിർബന്ധിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ഒരു വാർത്താചാനൻ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ ചാനലിന്റെ റിപ്പോർട്ടറിൽ നിന്ന് 5000 രൂപ വാങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെയാണ് പാർട്ടിയും മേയറും നടപടി എടുത്തത്.
ഇതിനിടെ തന്റെ ഭാഗം ന്യായീകരിച്ച് രാജേന്ദ്രൻ രംഗത്തെത്തി. കോർപ്പറേഷൻ അംഗീകരിച്ച എസ്റ്റിമേറ്റ് പ്രകാരം രണ്ടുലോഡ് മണൽ ഇറക്കാൻ മാത്രമാണ് വ്യവസ്ഥയുള്ളത്. എന്നാൽ ഇതിൽ റോഡുപണി പൂർത്തിയാവില്ല. അതിനാൽ കൂടുതൽ ലോഡ് മണൽ എത്തിക്കാനാണ് പണം കൈപ്പറ്റിയതെന്നാണ് രാജേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. പണം വാങ്ങിയില്ലെന്ന് ആദ്യം പറഞ്ഞ രാജേന്ദ്രൻ റോഡുപണിക്കായി കൂടുതൽ പണം വാങ്ങിയെന്നും തെറ്റുപറ്റിപ്പോയെന്ന് പറയുകയും ചെയ്തു.