25 കുടുംബങ്ങൾക്ക് വീട് ഒരുക്കി കൗൺസിലർ വീടുകളുടെ സമർപ്പണം ഇന്ന് 

Saturday 20 September 2025 12:59 AM IST

കോതമംഗലം: സ്വന്തമായി വീടില്ലാത്ത 25 കുടുംബങ്ങൾക്ക് കോതമംഗലം മുനിസിപ്പാലിറ്റിയിലെ 18-ാം വാർഡിൽ വീടുകൾ നിർമ്മിച്ചു നൽകി കൗൺസിലറായ അഡ്വ. ഷിബു കുര്യാക്കോസ് മാതൃകയായി. ഇന്ദിരാ നഗർ എന്ന് പേരിട്ട സ്ഥലത്ത് നിർമ്മിച്ച വീടുകളുടെ സമർപ്പണം ഇന്ന് രാവിലെ 10ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും. സമർപ്പണ ചടങ്ങിൽ ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിൽ, ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത, എം.പിമാരായ ഡീൻ കുര്യാക്കോസ്, ബെന്നി ബഹനാൻ, ആന്റണി ജോൺ എം.എൽ.എ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

പദ്ധതിയും സഹായവും വാർഡിൽ വീടില്ലാത്ത നൂറോളം കുടുംബങ്ങൾക്ക് വീട് നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഷിബു കുര്യാക്കോസ് പദ്ധതിക്ക് തുടക്കമിട്ടത്. ആദ്യഘട്ടമായാണ് 25 വീടുകൾ പൂർത്തിയാക്കിയത്. ഇതിനായി ഒന്നേകാൽ ഏക്കർ സ്ഥലം വിലകൊടുത്തു വാങ്ങിയിരുന്നു. പി.എം.എ.വൈ. (പ്രധാനമന്ത്രി ആവാസ് യോജന) പദ്ധതി, ലയൺസ് ക്ലബ്ബ്, ഇ.പി.പി. മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്, കത്തീഡ്രൽ ഹോംസ് തുടങ്ങിയ സംഘടനകളുടെയും വിവിധ വ്യക്തികളുടെയും സഹായം പദ്ധതിക്ക് ലഭിച്ചു. കൂടാതെ, ഷിബു കുര്യാക്കോസ് സ്വന്തം പോക്കറ്റിൽ നിന്ന് വലിയൊരു തുക ചെലവഴിച്ചിട്ടുണ്ട്.

കൂടുതൽ സൗകര്യങ്ങൾ ഇതുവരെ 19 വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറി. ബാക്കിയുള്ള ആറ് വീടുകളുടെ താക്കോൽദാനം സമർപ്പണ ചടങ്ങിൽ നടക്കും. വീടുകൾക്കൊപ്പം വയോജന പാർക്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഇവിടെ പിന്നീട് ഒരുക്കും. വാർഡിലെ ഇടുങ്ങിയ വഴികൾ വാഹനങ്ങൾ കടന്നു പോകാൻ കഴിയുന്ന രീതിയിൽ വീതികൂട്ടി റോഡുകളാക്കി മാറ്റാനും ഷിബു കുര്യാക്കോസിന് സാധിച്ചു.