സൈബർ ആക്രമണത്തിന് ഇരയായി; സിപിഎം നേതാവ് കെ.ജെ.ഷൈനിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്

Friday 19 September 2025 4:57 PM IST

കൊച്ചി: സിപിഎം നേതാവ് കെ.ജെ.ഷൈനിനെതിരെ നടന്ന സൈബർ ആക്രമണങ്ങളിലും അപവാദപ്രചാരണങ്ങളിലും കേസെടുത്ത് പൊലീസ്. ഷൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം റൂറൽ സൈബർ പോലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐടി ആക്ട് പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ഒരു പ്രമുഖ ദിനപത്രം, അഞ്ച് കോൺഗ്രസ് അനുകൂല വെബ് പോർട്ടലുകൾ, യൂട്യൂബ് ചാനലുകൾ വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയ്‌ക്കെതിരെയാണ് പരാതി.

മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, വനിതാ കമ്മീഷൻ എന്നിവർക്ക് ഷൈൻ നേരത്തെ പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് പറവൂരിലെ വീട്ടിലെത്തി പൊലീസ് സംഘം ഷൈനിന്റെ മൊഴിയെടുത്തിരുന്നു. അപകീർത്തികരമായ പോസ്റ്റുകളുടെ ലിങ്കുകളും സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെയുള്ള തെളിവുകൾ ഷൈൻ പൊലീസിന് കൈമാറി. പറവൂർ സ്വദേശിയായ കോൺഗ്രസ് പ്രവർത്തകനാണ് പ്രചാരണങ്ങൾക്ക് തുടക്കമിട്ടതെന്ന് ഷൈനും കുടുംബവും ആരോപിച്ചു. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച കോൺഗ്രസ് പ്രവർത്തകൻ, താൻ ആരുടെയും പേര് പരാമർശിച്ചിട്ടില്ലെന്നും യൂട്യൂബിലെ ഒരു വീഡിയോ ലിങ്ക് മാത്രമാണ് പങ്കുവച്ചതെന്നും പറഞ്ഞു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമം നടക്കുന്നതെന്ന് ഷൈനും ഭർത്താവ് ഡൈന്യൂസ് തോമസും ആരോപിച്ചു. ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ പറവൂർ എംഎൽഎ വി.ഡി. സതീശൻ അറിയാതെ ഒന്നും നടക്കില്ലെന്നും ഇവർ ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങളെ സതീശനും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും തള്ളിക്കളഞ്ഞു.

സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങളാണ് ഇത്തരം വിഷയങ്ങൾ പുറത്തുവരാൻ കാരണമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. സിപിഎമ്മിനുള്ളിലെ അധികാര വടംവലിയുടെ ഫലമാണ് ഇത്തരം ആരോപണങ്ങളെന്നും, ജനപ്രതിനിധിയായതുകൊണ്ട് മാത്രം പ്രതിപക്ഷ നേതാവിനെ ഇതിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുകയാണെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.