200 സ്റ്റാളുകളൊരുക്കി മെഷിനറി എക്‌സ്‌പോ

Saturday 20 September 2025 1:29 AM IST

കൊച്ചി: ഏഴാമത് മെഷിനറി എക്‌സ്‌പോ കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്‌സിബിഷൻ സെന്ററിൽ ഇന്ന് രാവിലെ 10.30ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശനം. 200 സ്റ്റാളുകളിലായി നൂതന മെഷീൻടൂളുകൾ, ഓട്ടോമേഷൻ സാങ്കേതികവിദ്യകൾ, സി.എൻ.സി മെഷീനുകൾ, എസ്.പി.എമ്മുകൾ, നൂതന പ്രോസസിംഗ്- പാക്കേജിംഗ് മെഷീനുകൾ എന്നിവയും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കും. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള മെഷിനറി നിർമാതാക്കൾ പങ്കെടുക്കും. തത്സമയ യന്ത്രഡെമോകളിലൂടെ സാങ്കേതിക വികസനങ്ങളുടെ നേരിട്ടുള്ള അനുഭവം ഒരുക്കും. ബ്രാൻഡ് നിർമ്മാണത്തിനും അവസരം ഒരുക്കും.

കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയത്തിന്റെ സംഭരണ, വിപണന (പി.എം.എസ്) പദ്ധതിയുടെ പിന്തുണയോടെ സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പാണ് സംഘടിപ്പിക്കുന്നത്. 23 ന് സമാപിക്കും.