മേൽപ്പാലങ്ങളുടെ അടിവശത്ത് 'വി' പാർക്കുകൾ സംസ്ഥാന വ്യാപകമാക്കുന്നു : മൂന്ന് പദ്ധതികൾക്ക് അനുമതി
തിരുവനന്തപുരം: മേൽപ്പാലങ്ങളുടെ അടിവശത്ത് സൗന്ദര്യവൽക്കരണം നടത്തി വിനോദസഞ്ചാരവികസനം ലക്ഷ്യമിട്ടുള്ള വി പാർക്ക് പദ്ധതി സംസ്ഥാനതലത്തിൽ വ്യാപകമാക്കാൻ വിനോദസഞ്ചാര വകുപ്പ്. ഇതിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ മൂന്ന് പദ്ധതികൾക്ക് ഭരണാനുമതി നൽകി. സംസ്ഥാനത്താകെ ഇരുപതിടങ്ങളിൽ ഡിപിആർ തയ്യാറാക്കുന്നുണ്ട്. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരമാണ് പദ്ധതി വ്യാപിപ്പിക്കുന്നത്.
ഡിസൈൻ പോളിസിയുടെ ഭാഗമായി കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ മാതൃകാപരമായ പദ്ധതിയായി വി പാർക്കിനെ മാറ്റിയെടുക്കാനാണ് വിനോദസഞ്ചാരവകുപ്പിന്റെ തീരുമാനം. ഉപയോഗിക്കാതെ കിടക്കുന്ന മേൽപ്പാലങ്ങളുടെ അടിവശം പൊതുജനസൗഹൃദമാക്കുകയെന്ന ലക്ഷ്യവുമുണ്ട്. കേരളാ ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് (കെ.ടി,ഐ.എൽ) പദ്ധതിയുടെ നോഡൽ ഏജൻസി.
മേൽപ്പാലങ്ങളുടെ അടിവശത്ത്, മനോഹരമായ നടപ്പാതകൾ, ചിത്രങ്ങൾ വരച്ച സൈഡ് വാളുകൾ, ബാഡ്മിന്റൺ കോർട്ട്, വോളിബോൾ കോർട്ട്, ബെഞ്ചുകളുൾപ്പെടെയുള്ള ഇരിപ്പിടങ്ങൾ, ആംഫി തിയേറ്റർ, ട്രാഫിക് നിയമങ്ങൾ രേഖപ്പെടുത്തിയ ബോർഡുകൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങളും കളിയുപകരണങ്ങളും, ഓപ്പൺ ജിം, ക്യാമറകളും മറ്റ് സുരക്ഷാസജ്ജീകരണങ്ങളും, മനോഹരമായ പുൽത്തകിടികൾ, വെളിച്ച സജ്ജീകരണസംവിധാനങ്ങൾ, കഫെ, ശൗചാലയങ്ങൾ സജ്ജമാക്കൽ തുടങ്ങിയവയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ഓരോ പദ്ധതിക്കുമായി ഡി.പി.ആർ പൂർത്തിയായാൽ നിർവഹണ ഏജൻസിയെ ടെൻഡറിലൂടെ പിന്നീട് നിശ്ചയിക്കും.
നേരത്തെ അവഗണിക്കപ്പെട്ട് പാഴായിക്കിടന്ന ഇടങ്ങളെ മനോഹരമാക്കി സംരക്ഷിച്ച് വിനോദ ഉപാധികൾക്കുള്ള മേഖലയാക്കി മാറ്റുകയെന്ന സംസ്ഥാന സർക്കാരിന്റെ നയമാണ് ഇത്തരം സംരംഭങ്ങൾക്ക് പിന്നിലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പൊതുസ്ഥലങ്ങൾ മനോഹരമാക്കി സംരക്ഷിക്കുകയെന്നത് സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും ഒത്തൊരുമിച്ചുകൂടി കായിക വിനോദങ്ങളിലേർപ്പെടിനുള്ള പൊതു ഇടമാണ് വി പാർക്കിലൂടെ ലക്ഷ്യമിടുന്നത്. കൊല്ലത്ത് നടപ്പാക്കിയ പൈലറ്റ് പദ്ധതി വൻവിജയമായതോടെയാണ് വി പാർക്ക് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. കൂടാതെ പ്രകൃതി മനോഹര ഇടങ്ങളായി മാറുന്നതോടെ നഗരങ്ങൾ ഹരിതാഭമായി മാറുമെന്നും മന്ത്രി പറഞ്ഞു.
വടക്കാഞ്ചേരിയിലെ അത്താണി റെയിൽവേ മേൽപ്പാലം, മുളങ്കുന്നത്തുകാവ് റെയിൽവേ മേൽപ്പാലം, വടക്കാഞ്ചേരി തൃശൂർ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ചെമ്പിശ്ശേരി റെയിൽവേ മേൽപ്പാലം എന്നിവിടങ്ങളിലെ പദ്ധതികൾക്കാണ് ഭരണാനുമതി നൽകിയിട്ടുള്ളത്. ഈ പദ്ധതികൾക്കെല്ലാം പൊതുമരാമത്ത് വകുപ്പിന്റെ എൻ.ഒ.സിയും ലഭിച്ചിട്ടുണ്ട്. അത്താണിയിൽ എഴുപത് ലക്ഷത്തി അറുപതിനായിരം, മുളങ്കുന്നത്തുകാവിൽ അമ്പത്തിയഞ്ച് ലക്ഷത്തി മുപ്പതിനായിരം, ചെമ്പിശ്ശേരിയിൽ എഴുപത്തിയെട്ട് ലക്ഷത്തി എഴുപതിനായിരം രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. ഈ പദ്ധതികൾ ഉടൻ ടെൻഡർ നടപടികളിലേക്ക് കടക്കും.
വി പാർക്കുകളായി മാറുന്നതോടെ മേൽപ്പാലങ്ങളുടെ അടിവശം സാമൂഹിക ഇടപെടലുകൾക്കും സാംസ്‌കാരിക കൂടിച്ചേരുലകൾക്കുമുള്ള ഇടമായി മാറുമെന്നതാണ് പ്രത്യേകത. പൊതുവഴികളിലെ യാത്രക്കാർക്കുള്ള ഇടത്താവളവും പ്രദേശവാസികൾക്ക് കായിക വിനോദത്തിനുള്ള കേന്ദ്രവുമായി ഇവിടങ്ങൾ മാറും. യാത്രക്കാർക്കുള്ളള അടിസ്ഥനസൗകര്യങ്ങളും ഇവിടെ സജ്ജമാക്കുമെന്നതും പ്രത്യേകതയാണ്.