ആവശ്യക്കാര്‍ ഏറെയുള്ള മീന്‍ കിട്ടാനില്ല; 'ഹൈക്ലാസ്' ഇനങ്ങള്‍ക്ക് വിലയും കുറഞ്ഞു

Friday 19 September 2025 8:44 PM IST

കൊച്ചി: കേരളത്തിലെ മത്സ്യവിപണിയില്‍ ആവശ്യക്കാര്‍ ഏറെയുള്ള മീന്‍ നേരിടുന്നത് വന്‍ ക്ഷാമം. വലിയ മത്തി മീനാണ് കേരള തീരത്ത് ഇപ്പോള്‍ കിട്ടാത്ത സ്ഥിതിയുണ്ടായിരിക്കുന്നത്. അതേസമയം, പിടികൂടുന്നതിനും വില്‍ക്കുന്നതിനും വിലക്കുള്ള പൊടി മത്തി (ചെറിയ മത്തി) യഥേഷ്ടം ലഭിക്കുന്നുമുണ്ട്. മത്തിയുടെ ലഭ്യത കുറഞ്ഞതോടെ വില കുതിച്ച് ഉയരുകയാണ്. കിലോയ്ക്ക് 300 രൂപ വരെ ഈടാക്കുന്നുണ്ട്. മലയോര മേഖലകളില്‍ വില 400ന് അടുത്താണ്.

മത്തിയുടെ വില ഇത്രയും കൂടിയതിന് കാരണം ലഭ്യതയില്‍ ഉണ്ടായ ഇടിവും ആവശ്യക്കാര്‍ കൂടുതലുമാണെന്നതാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. അതേസമയം, സാധാരണഗതിയില്‍ വില ഉയര്‍ന്ന് നില്‍ക്കുന്ന അയക്കൂറ, ആവോലി പോലുള്ള മീനുകളുടെ വില ഗണ്യമായി കുറഞ്ഞിട്ടുമുണ്ട്. കുഞ്ഞന്‍ മത്തി ആവശ്യത്തില്‍ അധികം കിട്ടുന്നതുകൊണ്ട് തന്നെ കിലോയ്ക്ക് 25 രൂപയ്ക്ക് വരെ വില്‍പ്പന നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അയക്കൂറയും ആവോലിയും ഇപ്പോള്‍ സുലഭമായി ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വലിയ മത്തിയേക്കാള്‍ വില കുറവാണ്. 200 മുതല്‍ 280 രൂപവരെയാണ് അയക്കൂറയുടെയും ആവോലിയുടെയും ചില്ലറ വില്‍പനവില. മലപ്പുറം പൊന്നാനിയില്‍ കഴിഞ്ഞദിവസം 200 രൂപയ്ക്കാണ് അയക്കൂറയും ആവോലിയും വില്‍പന നടത്തിയിരുന്നത്. യഥേഷ്ടം ലഭിക്കുന്നതിനാലാണ് വിലക്കുറവെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. അതേസമയം വിലക്ക് മറികടന്ന് ചെറിയ മത്തി പിടിക്കുന്നത് പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പാണ് അധികൃതര്‍ നല്‍കുന്നത്.