അമീബിക് മസ്തിഷ്ക ജ്വരം: സംസ്ഥാനത്ത് ഒരു മരണം കൂടി, മരിച്ചത് തൃശൂർ സ്വദേശി
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടിമരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്ന തൃശൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ് മരിച്ചത്. കോഴിക്കോട്ട് അബോധാവസ്ഥയിൽ കണ്ടെത്തിയ റഹീമിനെ നാട്ടുകാരാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് വൈകീട്ടോടെയായിരുന്നു മരണം. ഒറ്റയ്ക്കു താമസിക്കുന്ന ആളായതിനാൽ റഹീമിന്റെ രോഗ ഉറവിടം വ്യക്തമല്ല.
മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മൂന്ന് കുട്ടികൾ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആറുപേർ,സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രാമനാട്ടുകര സ്വദേശിയായ 30 വയസുകാരി എന്നിവരടക്കം 10 പേരാണ് നിലവിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയിലുള്ളത്. രോഗബാധയുടെ അമിത വ്യാപനത്തെ മുൻനിറുത്തി സംസ്ഥാനത്തെ ജലസ്രോതസുകൾ വൃത്തിയാക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.