സഞ്ജു സാംസണ് അര്‍ദ്ധ സെഞ്ച്വറി; ഒമാനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍

Friday 19 September 2025 9:56 PM IST

അബുദാബി: ഏഷ്യ കപ്പില്‍ ഒമാനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍. വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ നേടിയ അര്‍ദ്ധ സെഞ്ച്വറി 56(45)യുടെ മികവില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് ഇന്ത്യ നേടിയത്. അതേസമയം ദുര്‍ബലരായ ഒമാനെതിരെ കിട്ടിയ അവസരം ശരിക്കും ഉപയോഗിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. ബാറ്റിംഗ് ഓര്‍ഡറില്‍ വമ്പന്‍ മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ ഒമാനെതിരെ കളത്തിലിറങ്ങിയത്.

മൂന്ന് വീതം ബൗണ്ടറിയും സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു മലയാളി താരത്തിന്റെ ഇന്നിംഗ്‌സ്. ഓപ്പണര്‍ ശുബ്മാന്‍ ഗില്‍ 5(8) പുറത്തായതിന് പിന്നാലെ മൂന്നാം നമ്പറിലാണ് സഞ്ജു ബാറ്റിംഗിന് എത്തിയത്. മറ്റൊരു ഓപ്പണര്‍ അഭിഷേക് ശര്‍മ്മ തന്റെ പതിവ് ശൈലിയില്‍ ആക്രമിച്ച് കളിച്ചു. 15 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറുകളും സഹിതം 38 റണ്‍സ് നേടിയാണ് താരം പുറത്തായത്.

ഹാര്‍ദിക് പാണ്ഡ്യ 1(1), അക്‌സര്‍ പട്ടേല്‍ 26(13), ശിവം ദൂബെ 5(8), തിലക് വര്‍മ്മ 29(18), അര്‍ഷ്ദീപ് സിംഗ് 1(1) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ഹര്‍ഷിത് റാണ 13*(8), കുല്‍ദീപ് യാദവ് 1*(3) എന്നിവര്‍ പുറത്താകാതെ നിന്നു. ഒമാന് വേണ്ടി ഷാ ഫൈസല്‍, ജിതന്‍ രാമനന്ധി, ആമിര്‍ കലീം എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.