വാക്ക് എഗെൻസ്റ്റ് ഡ്രഗ്സ് ,​ ചെന്നിത്തലയ്ക്കൊപ്പം കൈകോർത്ത് വയനാട്

Saturday 20 September 2025 12:23 AM IST

രമേശ് ചെന്നിത്തല എം.എൽ.എയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ നടന്ന വാക്ക് എഗെൻസ്റ്റ് ഡ്രഗ്‌സ് റാലി

കൽപ്പറ്റ: ലഹരിക്കെതിരെ പൊരുതാൻ ജനത കൈകോർത്തതോടെ രമേശ് ചെന്നിത്തല നയിക്കുന്ന പ്രൗഡ് കേരളയുടെ വാക്ക് എഗെൻസ്റ്റ് ഡ്രഗ്സ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാഷ്ട്രീയ പ്രവർത്തകർ, കലാസാംസ്‌കാരിക പ്രമുഖർ, കലാകാരന്മാർ യുവാക്കൾ തുടങ്ങി നാനാതുറകളിലുള്ളവർ ഒരൊറ്റ മുദ്രാവാക്യത്തിന് പിന്നിൽ അണിനിരന്നു. കണ്ണൂരിൽ രാവിലെ നടന്ന ആവേശകരമായ വാക്കത്തോണിനു ശേഷമാണ് രമേശ് ചെന്നിത്തല വയനാട്ടിൽ എത്തിയത്.

ലഹരിയുടെ നീരാളിപ്പിടിത്തത്തിൽ നിന്ന് ഒരു ജനതയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജാഥ ഫ്ളാഗ് ഓഫ് ചെയ്ത കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു. ലഹരി കേരളത്തിന്റെ പുതുതലമുറയെ തകർക്കുകയാണ്. നിയന്ത്രിക്കാൻ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുന്നു. പൊതുജന പ്രതിരോധം കൊണ്ടു മാത്രമേ നിയന്ത്രക്കാനാവൂവെന്നും സണ്ണി ജോസഫ് പറഞ്ഞു. ഓരോ വീടുകളിൽ നിന്നും ലഹരിക്കെതിരെ പ്രതിരോധം ആരംഭിക്കേണ്ടതുണ്ടെന്ന് ജാഥ നയിച്ച രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്തെ നയിക്കേണ്ട അടുത്ത തലമുറ ഈയാംപാറ്റകളെ പോലെ ലഹരിയിൽ നശിക്കുകയാണ്. അവരുടെ സർഗശേഷികൾ അകാലത്തിൽ ഇല്ലാതാകുന്നു. വീടുകൾ കൊലക്കളങ്ങളായി മാറുന്നു. കുട്ടികൾ ഇരകൾ മാത്രമല്ല, ലഹരിവാഹകരുമാകുന്നു. കേരളം ഒരു കൊളംബിയ ആകാൻ അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൽപ്പറ്റ മുനിസിപ്പൽ ഓഫീസിനു മുന്നിൽ നിന്ന് ആരംഭിച്ച ജാഥ ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ സമാപിച്ചു. രമേശ് ചെന്നിത്തല ജാഥാംഗങ്ങൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രൗഡ് കേരള ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടന്ന പത്താമത് വാക്കത്തോണാണ് വയനാട്ടിൽ നടന്നത്. എം.എൽ.എമാരായ അഡ്വ. ടി സിദ്ധിഖ് , ഐ .സി ബാലകൃഷ്ണൻ,​ സജീവ് ജോസഫ് , കെ .പി .സി .സി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല,​ പത്മശ്രീ ചെറുവയൽ രാമൻ എന്നിവർ പങ്കെടുത്തു.