രക്തമൂലകോശ ദാനത്തിലൂടെ ജീവൻ പകർന്ന് ഷാരോൺ പ്രിൻസ്
കളമശേരി: തന്നിലൂടെ ഒരു പതിനാലുകാരന് പുതുജീവൻ കൈവരുന്നതിന്റെ സന്തോഷത്തിലാണ് കളമശേരി ചെട്ടുപറമ്പിൽ പ്രിൻസ് ജോർജ്ജിന്റെ മകൻ രാജഗിരി കോളേജ് ഒഫ് മാനേജ്‌മെന്റ് ആൻഡ് അപ്ലൈഡ് സയൻസസിലെ രണ്ടാം വർഷ ബി.സി.എ വിദ്യാർത്ഥി ഷാരോൺ പ്രിൻസ്. ഗുരുതര രോഗബാധിതനായ 14 വയസുള്ള കുട്ടിക്കാണ് ഷാരോൺ രക്തമൂലകോശം ദാനം ചെയ്തത്. കോളേജിലെ എൻ.എസ്.എസ് യൂണിറ്റും മൂലകോശദാനത്തിന് നേതൃത്വം നൽകുന്ന സന്നദ്ധ സംഘടനയായ ധാത്രിയും ചേർന്ന് നടത്തിയ ഡോണർ രജിസ്‌ട്രേഷൻ ക്യാമ്പിലാണ് ഷാരോൺ പേര് ചേർത്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ അദ്ദേഹം അനുയോജ്യനായ ദാതാവായി കണ്ടെത്തപ്പെട്ടു.
രക്തമൂല കോശ ദാനത്തിനു മുൻപ് രക്തത്തിലെ മൂലകോശങ്ങളുടെ അളവ് വർദ്ധിപ്പിക്കാനായി തുടർച്ചയായി അഞ്ചുദിവസം കുത്തിവയ്പകൾ എടുത്തു. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 45 മണിക്കൂർ സമയം എടുത്താണ് മൂലകോശ ദാനം നടത്തിയത്.
കോശദാനത്തെക്കുറിച്ചുള്ള ശരിയായ അവബോധം ഇല്ലായ്മ ദാതാവിനെ കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. രക്തദാനത്തിന് രക്ത ഗ്രൂപ്പ് സാമ്യം വേണ്ടതുപോലെ രക്തം മൂല കോശ ദാനത്തിന് ജനിതക സാമ്യം ആവശ്യമാണ്. മൂലകോശ ദാനം സാധാരണ രക്തദാനത്തേക്കാൾ അപൂർവ്വവും പ്രാധാന്യമുള്ളതുമാണ്. ജനിതക സാമ്യമുള്ള ദാതാവാകാൻ ആയിരത്തിൽ ഒരാളോ ദശലക്ഷത്തിൽ ഒരാളോ മാത്രമാകും അനുയോജ്യൻ. 18 മുതൽ 50 വയസ് വരെയുള്ളവർക്ക് www.datri.org വഴി രജിസ്റ്റർ ചെയ്ത് ദാതാവാകാം.