മാലിന്യം: വാട്ട്സാപ്പ് പരാതിയിൽ പിഴ 61.47 ലക്ഷം
തിരുവനന്തപുരം: മാലിന്യം വലിച്ചെറിയുന്നത് അറിയിക്കാനുള്ള തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ സിംഗിൾ വാട്ട്സാപ്പ് നമ്പർ (9446700800) സംവിധാനം നിലവിൽ വന്ന് ഒരു വർഷം പൂർത്തിയാക്കുമ്പോൾ, ചുമത്തിയ പിഴ
61,47,550 രൂപ . തെളിവുകളോടെ വിവരം നൽകിയവർക്ക് 1,29,750 രൂപ പാരിതോഷികവും അനുവദിച്ചു. 63 സംഭവങ്ങളിൽ പ്രോസിക്യൂഷൻ നടപടികളും ആരംഭിച്ചു. ഒരു വർഷത്തിനുള്ളിൽ മാലിന്യം വലിച്ചെറിഞ്ഞതിന് ആകെ ചുമത്തിയ പിഴ 11.01 കോടി രൂപയാണ്. ആകെ പിഴയുടെ 5.58%മാണ് വാട്ട്സാപ്പ് നമ്പറിൽ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ ചുമത്തിയത്.
പരാതികൾ വാട്ട്സാപ്പിലൂടെ റിപ്പോർട്ട് ചെയ്ത എല്ലാവരെയും മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു.നിയമലംഘനങ്ങൾ വാട്ട്സാപ്പിലൂടെ റിപ്പോർട്ട് ചെയ്യണമെന്നും പാരിതോഷികം നേടാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യർഥിച്ചു.
ഏറ്റവുമധികം നിയമലംഘനങ്ങൾ വാട്ട്സാപ്പിലൂടെ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം (2100), എറണാകുളം (2028) ജില്ലകളിൽ നിന്നാണ്. കുറവ് വയനാട് ജില്ലയിൽ (155).