ഹുറേ വാട്ടർ മെട്രോ.... യാത്രക്കാർ ഇന്ന് 50 ലക്ഷം തൊടും

Saturday 20 September 2025 1:48 AM IST

കൊച്ചി: 50 ലക്ഷം യാത്രക്കാർ എന്ന നേട്ടത്തിന് തൊട്ടരികിലാണ് കൊച്ചി വാട്ടർ മെട്രോ. രണ്ടായിരത്തിൽ താഴെ മാത്രം യാത്രക്കാർ കൂടിയെത്തിയാൽ ഈ സുവർണ്ണ നേട്ടത്തിലേക്കെത്താനാകും. ഒരു ബോട്ടിൽ 96 പേർക്കാണ് യാത്ര ചെയ്യാനാകുക. 20-21 ട്രിപ്പുകളോടെ ഈ നാഴികക്കല്ല് പിന്നിടാം. ഉച്ചയോടെ തന്നെ 50 ലക്ഷമെന്ന ലക്ഷ്യത്തിലെത്താനാകും. 2023 ഏപ്രിൽ 25ന് രണ്ട് റൂട്ടുകളുമായി സർവീസ് ആരംഭിച്ച വാട്ടർ മെട്രോ പത്ത് ടെർമിനലുകളും 20 ബോട്ടുകളും അഞ്ച് റൂട്ടുകളുമായാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. 2024 ജൂലായിൽ വാട്ടർ മെട്രോ യാത്രികരുടെ എണ്ണം 24 ലക്ഷം കടന്നിരുന്നു.

15 ബോട്ടുകൾ കൂടിയെത്തും

ആദ്യഘട്ടത്തിലെ 20ലേറെ ബോട്ടുകൾക്ക് പുറമേ വാട്ടർമെട്രോയ്ക്ക് 143 കോടിയോളം മുടക്കിൽ 15 ബോട്ടുകൾ കൂടിയെത്തും. 100 സീറ്റുകളുള്ള ബോട്ടുകൾക്ക് 2024ൽ ടെൻഡർ ക്ഷണിച്ചിരുന്നു. ആദ്യഘട്ടത്തിലെ 100സീറ്റ് ബോട്ടുകൾ ഒരെണ്ണത്തിന് 7.6 കോടിക്ക് കൊച്ചിൻ ഷിപ്പ്‌യാർഡാണ് നിർമ്മിച്ചത്. പുതിയ 15 ബോട്ടുകളുടെ ടെൻഡറും ഷിപ്പ്‌യാർഡ് തന്നെ സ്വന്തമാക്കാനാണ് സാദ്ധ്യത. നിർമ്മാണത്തുക ബോട്ടൊന്നിന് 9.5 കോടിയായി ഉയരുമെന്ന് നേരത്തെ വിവരങ്ങൾ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് തീരുമാനമായില്ല.

നെടുമ്പാശേരി സർവീസ് സാദ്ധ്യതാ പഠനം പുരോഗമിക്കുന്നു

കൊച്ചി മെട്രോയ്ക്കും സിയാലിനും കൂടുതൽ യാത്രക്കാരെ ആകർഷിക്കാനും ഗതാഗതക്കുരുക്ക് മൂലം യാത്രക്കാർക്കുള്ള ബുദ്ധിമുട്ട് കുറയ്ക്കാനും ലക്ഷ്യമിട്ട് ആലുവയിൽ നിന്ന് വാട്ടർ മെട്രോയിൽ നെടുമ്പാശേരി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്താനാകുമോ എന്നത് സംബന്ധിച്ച സാദ്ധ്യതാപഠനത്തിന് കെ.എം.ആർ.എൽ തുടക്കം കുറിച്ചിരുന്നു. പ്രാരംഭ പഠനത്തിനായി രൂപീകരിച്ച ആഭ്യന്തര ഉന്നതതല കമ്മിറ്റിയാണ് പഠനം നടത്തുന്നത്. കൊച്ചി നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കും സർവീസ് ആരംഭിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണിത്.

നിലവിലെ ടെർമിനലുകൾ

വൈറ്റില, കാക്കനാട്, ഹൈക്കോർട്ട്, ബോൾഗാട്ടി, വൈപ്പിൻ, ഫോർട്ട്കൊച്ചി, ചേരാനല്ലൂർ, സൗത്ത് ചിറ്റൂർ, ഏലൂർ, മുളവുകാട് നോർത്ത്

നിലവിലെ റൂട്ടുകൾ

ഹൈക്കോർട്ട് - ഫോർട്ട്കൊച്ചി, ഹൈക്കോർട്ട് - വൈപ്പിൻ, ഹൈക്കോർട്ട് - സൗത്ത് ചിറ്റൂർ, സൗത്ത് ചിറ്റൂർ - ചേരാനെല്ലൂർ, വൈറ്റില - കാക്കനാട്

(യാത്രക്കാരുടെ എണ്ണം കുറവായതിനാൽ ഹൈക്കോർട്ട് - സൗത്ത് ചിറ്റൂർ, സൗത്ത് ചിറ്റൂർ - ചേരാനല്ലൂർ റൂട്ടുകളിലെ ട്രിപ്പ് കുറവാണ് )

വാട്ടർമെട്രോ ആരംഭം - 2023 ഏപ്രിൽ 25

ആദ്യം സർവീസ് തുടങ്ങിയ റൂട്ടുകൾ --- വൈറ്റില -കാക്കനാട്, ഹൈക്കോർട്ട്- വൈപ്പിൻ

ദിവസേന യാത്രക്കാർ

ഇപ്പോൾ- 5,000ലേറെ വേനലവധിക്ക്- 6,000ലേറെ