അരിമ്പൂരിന് വാർദ്ധക്യമില്ല!

Saturday 20 September 2025 12:50 AM IST

തൃശൂർ: വൈകിട്ട് മൂന്നരയ്ക്ക് ശേഷം അരിമ്പൂരിലെ അങ്കണവാടികൾ വയോജനങ്ങൾക്കുള്ളതാണ്. അവർ ഒത്തുകൂടി അന്നന്നു നടത്തിയ ക്ഷേമ പ്രവർത്തനം വിലയിരുത്തും. അടുത്ത ദിവസത്തേത് പ്ലാൻ ചെയ്യും. അതിനുള്ള സാമ്പത്തികം സ്വന്തം പോക്കറ്റിൽ നിന്ന് സ്വരൂക്കൂട്ടും. ഇതിനിടെ കൂട്ടത്തിലുള്ളവരുടെ പ്രശ്നങ്ങൾ കേട്ട് പരിഹാരവും കാണും.

അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ 34 അങ്കണവാടികളിലായി അത്രയും വയോ ക്ളബുകൾ. അറുപത് വയസിന് മുകളിലുള്ള 5014 അംഗങ്ങൾ. വാർദ്ധക്യത്തിന്റെ വിരസതയോ ഒറ്റപ്പെടലോ ചിന്തിക്കാൻ പോലും ഇവർക്ക് നേരമില്ല. നാട്ടിൽ അത്രയ്ക്ക് സജീവമാണ് ഓരോ ക്ളബും. വിരമിച്ച സർക്കാർ ജീവനക്കാർ, അദ്ധ്യാപകർ, ഡോക്ടർ, വക്കീൽ, കൃഷിക്കാരുമൊക്കെച്ചേർന്ന കൂട്ടായ്മ.

2019ലാണ് ആദ്യ ക്ളബ് രൂപം കൊണ്ടത്. ഒരു കൊല്ലം കൊണ്ട് എല്ലാ വാർഡിലും ക്ളബ്ബായി. കൊവിഡ് കാലത്ത് വയോ ക്ലബ്ബുകളുടെ പ്രവർത്തനം മാതൃകാപരമായിരുന്നു. പഞ്ചായത്തിൽ കൊവിഡ് ബാധിച്ച 1,684 പേർക്കും സഹായമെത്തിച്ചു.

30 - 40 വീടുകൾ ഉൾക്കൊള്ളിച്ച് ക്ലസ്റ്ററുകൾ രൂപീകരിച്ചാണ് പ്രവർത്തനം. ക്ഷേമ പ്രവർത്തനങ്ങൾ വീതിച്ചു നൽകിയിട്ടുണ്ട്. വയോ കോളിംഗ് ആണ് ശ്രദ്ധേയം. ഇതിന് ചുമതലപ്പെട്ട അംഗം എന്നും രാവിലെ ഫോൺ വിളിച്ച് ക്ഷേമാന്വേഷണം നടത്തും. വൈകിട്ടത്തെ യോഗത്തിൽ ഇതു റിപ്പോർട്ടു ചെയ്യും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനസഹായം, നിയമ സഹായം, മെഡിക്കൽ ക്യാമ്പ്... വയോ ക്ളബ് സഹായമെത്താത്ത മേഖലകൾ ചുരുക്കം. ചില ക്ളബുകൾ വായന ശാലയും തുറന്നു. എല്ലാ വർഷവും വയോജനോത്സവവുമുണ്ട്.

പാലീയേറ്റീവ് പ്രവർത്തനവും

അരിമ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത കിടപ്പുരോഗികൾക്കും ആശ്രയമാണ് വയോ ക്ളബ്. സന്നദ്ധരായ 48 പേർക്ക് പരിശീലനം നൽകി കിടപ്പുരോഗികളെ പരിചരിക്കാൻ അയയ്ക്കുന്നു. വീൽചെയർ, കിടക്കകൾ മുതൽ ഡയപ്പർ വരെ ആവശ്യമുള്ളിടത്തെത്തിക്കുന്നു. ആശ്രയമില്ലാത്തവർക്ക് ആശുപത്രിയിൽ കൂട്ടിരിപ്പാണ് ഇനി നടപ്പാക്കാൻ പോകുന്ന ആശയം.

സർക്കാർ അംഗീകാരം

സംസ്ഥാന സർക്കാരിന്റെ പ്രഥമ വയോ സേവ പുരസ്‌കാരം അരിമ്പൂർ നേടി

വയോ ക്ലബ്ബുകൾക്ക് അവരവരുടെ പ്രദേശത്തെ എല്ലാവരുടെയും പ്രശ്‌നങ്ങൾ കണ്ടെത്താൻ സാധിക്കുന്നു

വി.കെ.ഉണ്ണിക്കൃഷ്ണൻ പഞ്ചായത്ത് കോർഡിനേറ്റർ.