ഒരിക്കലും വയസാകാത്തവരും ഈ ഭൂമിയിൽ ജീവിക്കുന്നുണ്ട്,​ പ്രായമാകാത്തതിന് പിന്നിലെ രഹസ്യം ഇതാണ്

Friday 19 September 2025 10:56 PM IST

നിങ്ങൾ വാർദ്ധക്യത്തിൽ എത്തിയെന്നു കരുതുക.എന്നാൽ ഒരു ബയോളജിക്കൽ റീസെറ്റ് ബട്ടൺ അമർത്തി ജീവിതം വീണ്ടും യൗവന സുരഭിലമാക്കാൻ കഴിഞ്ഞാലോ അടിപൊളിയായിരിക്കും അല്ലേ. എന്തായാലും മനുഷ്യർക്ക് അത്തരമൊരു തിരിച്ചുപോക്ക് ഇപ്പോൾ സാദ്ധ്യമല്ല. എന്നാൽ പ്രകൃതിയിലെ ചില ജീവജാലങ്ങൾക്ക് അങ്ങനെ ചില ശേഷിയുണ്ടെന്ന് കാണിക്കുകയാണ് ചില ജീവികൾ. കേൾക്കുമ്പോൾ സയൻസ് ഫിക്ഷൻ പോലെ തോന്നുമെങ്കിലും സംഭവം സത്യമാണ്. വാർദ്ധക്യത്തെ തന്നെ വെല്ലുവിളിക്കുന്ന ആ ജീവി വർഗങ്ങളെ പരിചയപ്പെടാം.

1 ഇമ്മോർട്ടൽ ജെല്ലിഫിഷ് (ട്യൂറിടോപ്ലിസ് ഡോർണി)

മെഡിറ്ററേനിയൻ കടലിൽ കണ്ടെത്തിയ ഇമ്മോർട്ടൽ ജെല്ലിഫിഷിന് അതിന്റെ ചെറുപ്രായത്തിലേക്ക് തിരിച്ചുപോകാനുളള കഴിവ് പ്രകൃതി നൽകിയിട്ടുണ്ട്..ട്രാൻസ്ഡിഫറൻഷ്യേഷൻ എന്നറിയപ്പെടുന്ന പ്രക്രിയ വഴി പരിക്കേൽക്കുമ്പോഴോ ,വാർദ്ധക്യം പ്രാപിക്കുമ്പോഴോ അവ വീണ്ടും പോളിപ്പ് ( പ്രായം കുറഞ്ഞ ) രൂപത്തിലേക്ക് മാറുന്നു.പിന്നീട് ജീവിതം പുനരാരംഭിക്കുന്നു.

2 ഹൈഡ്ര

ജെല്ലിഫിഷുകളുമായി അടുത്ത ബന്ധമുളള ചെറിയ ശുദ്ധജല ജീവികളാണ് ഹൈഡ്രകൾ . ഇവയെയും മറ്റു ജീവികളിൽ നിന്നും വ്യത്യസ്തമാക്കുന്നത് ഇവരുടെ പുനരുജ്ജീവനമാണ് . റീജുവനേറ്റ് ചെയ്തുകൊണ്ടിരിക്കാൻ കഴിവുളള സ്റ്റെം സെല്ലുകൾ ഉളളതിനാൽ ഹൈഡ്രകൾക്കൊരിക്കലും പ്രായമായെന്ന് തോന്നില്ല. അനുയോജ്യ സാഹചര്യങ്ങളിൽ അടങ്ങിയ ലാബുകളിൽ ഇവ പതിറ്റാണ്ടുകളായി ജീർണിക്കാതെയിരിക്കുന്നുണ്ട്.

3 ലോബ്സ്റ്ററുകൾ

ലോബ്സ്റ്ററുകൾ ഒരിക്കലും വളർച്ച നിർത്തുന്നില്ല.മനുഷ്യരിൽ നിന്ന് വ്യത്യസ്തമായി അവ പ്രായത്തിനനുസരിച്ച് വലുതാകുകയും പ്രത്യുത്പാദന ക്ഷമത നിലനിർത്തുകയും ചെയ്യുന്നു. ഡി .എൻ.എ നന്നാക്കാൻ സഹായിക്കുന്ന എൻസൈമായ ടെലോമെറേസിന്റെ ഉയർന്ന അളവാണ് ഇതിനുകാരണം.

4 ഗ്രീൻലാൻഡ് സ്രാവുകൾ

വടക്കൻ അറ്റ്ലാന്റിക്ക് സമുദ്രത്തിലെ മഞ്ഞുമൂടിയ വെളളത്തിലാണ് ഈ ആഴക്കടൽ സ്രാവ് ജീവിക്കുന്നത്. ഗ്രീൻലാൻഡ് സ്രാവുകൾക്ക് 400-500 വർഷം വരെ ജീവിക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. 1600 കളിൽ ജനിച്ചവ ഇപ്പോഴും സമുദ്രത്തിൽ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇവരുടെ വളർച്ച സാവധാനത്തിൽ ആണ്. ഏകദാശം 150 വയസ് തികയുന്നതു വരെ ഇവ‌ർക്ക് ലൈംഗിക പക്വതയെത്തുന്നില്ല എന്നും പറയപ്പെടുന്നു.