വി.ഡി.സതീശന്റെ ബോംബ് രാഷ്ട്രീയ ജീർണ്ണത: ഗോവിന്ദൻ, രാഹുൽ മാങ്കൂട്ടത്തെ പാലക്കാട് തടയില്ല

Saturday 20 September 2025 12:59 AM IST

തിരുവനന്തപുരം:മാങ്കൂട്ടത്തിൽ വിഷയം വന്നപ്പോൾ വലിയ ബോംബ് വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞിരുന്നു. അത് പറവൂർ കേന്ദ്രീകരിച്ചാകുമെന്ന് കരുതിയില്ലെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വലതുപക്ഷ രാഷ്ട്രീയം എത്ര ജീർണമായി എന്ന് ഷൈൻ ടീച്ചർക്കെതിരായ ആക്രമണം തെളിയിക്കുന്നു. സി.പി,എം കേന്ദ്രങ്ങളാണ് പ്രചരിപ്പിച്ചതെന്ന യു,ഡി,എഫ് വാദം കള്ളമാണ്. പ്രതിപക്ഷ നേതാവിന്റെ അറിവില്ലാതെ കോൺഗ്രസ് സൈബർ സംഘം ഇത്തരം പ്രചാരണം നടത്തുമോ എന്നും എം.വി ഗോവിന്ദൻ ചോദിച്ചു. സ്ത്രീകളെ തേജോവധം ചെയ്യാണ് ശ്രമം. നാല് എംഎൽഎമാരെ സംശയത്തിന്റെ നിഴലിൽ നിർത്താനാണ് കോൺഗ്രസ് സൈബർ വിഭാഗം ശ്രമിച്ചത്. കോൺഗ്രസ് ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും ഗോവിന്ദൻ പറഞ്ഞു. ഇക്കാര്യത്തിൽ സിപിഎമ്മിൽ ഒരാഭ്യന്തരപ്രശ്നവും ഇല്ലെന്ന് ഗോവിന്ദൻ പറഞ്ഞു.

അയ്യപ്പസംഗമത്തിനോട് പുറത്ത് കാണിക്കുന്ന എതിർപ്പ് മാത്രമേ കോൺഗ്രസിനുള്ളു. അവസാനനിമിഷം ആരെങ്കിലും ക്ഷണിച്ചാൽ അയ്യപ്പസംഗമത്തിൽ പങ്കെടുക്കാമെന്നാണ് ഒരു പ്രമുഖ കോൺഗ്രസ് നേതാവ് മന്ത്രിയോട് പറഞ്ഞത്. അയ്യപ്പസംഗമത്തിനകത്ത് ഒരു പ്രീണനവും ഇല്ല. ദേവസ്വം ബോർഡ് സംഘടിപ്പിച്ച പരിപാടിയാണെന്നും ഗോവിന്ദൻ പറഞ്ഞു.

അടിയന്തര പ്രമേയ ചർച്ചകളിൽ പ്രതിപക്ഷം തകർന്ന് തരിപ്പണമായെന്നും പ്രതിപക്ഷം വിഷയ ദാരിദ്ര്യം നന്നായി അനുഭവിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.