അച്ഛൻ മരിച്ചതറിയാതെ ദുനിത്ത് ക്രിക്കറ്റ് കളത്തിൽ

Friday 19 September 2025 11:06 PM IST

അബുദാബി : തന്നെ ഒരു ക്രിക്കറ്റ് താരമാക്കിമാറ്റാൻ ഏറെ പ്രയത്നിച്ച പിതാവ് നാട്ടിൽ മരണത്തിന് കീഴടങ്ങുമ്പോൾ

ശ്രീലങ്കൻ ക്രിക്കറ്റർ ദുനിത്ത് വെള്ളലാഗേ ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ കളിക്കുകയായിരുന്നു. കോച്ച് സനത് ജയസൂര്യ അടക്കമുള്ളവർ മരണവിവരം അറിഞ്ഞെങ്കിലും മത്സരത്തിൽ ലങ്ക വിജയിച്ചതിന് ശേഷം മാത്രമാണ് ദുനിത്തിനെ അറിയിച്ചത്. സൂപ്പർ ഫോർ റൗണ്ടിലേക്ക് കടന്നതിന്റെ സന്തോഷം ഗ്രൗണ്ടിൽ കൂട്ടുകാരുമായി പങ്കിട്ട് മടങ്ങിയ ദുനിത്തിനെ ജയസൂര്യ ബൗണ്ടറി ലൈനിനരികിൽ വിവരമറിയിക്കുമ്പോൾ അമ്പരന്നുനിൽക്കുന്ന താരത്തിന്റെ വീഡിയോ വൈറലായി.

ശ്രീലങ്കൻ ആഭ്യന്തര ക്രിക്കറ്റിലെ കളിക്കാരനായിരുന്നു ദുനിത്തിന്റെ പിതാവ് സുരംഗ വെള്ളലാഗേ. ഹൃദയാഘാതമാണ് മരണകാരണം. തനിക്ക് കിട്ടാതെ പോയ ദേശീയ ടീമിലെ സ്ഥാനം മകന് ലഭിക്കണമെന്നതായിരുന്നു സുരംഗയുടെ മോഹം. അതിനായി അദ്ദേഹം നൽകിയ പിന്തുണയാണ് ഇടംകയ്യൻ സ്പിന്നറായ ദുനിത്തിനെ 19-ാം വയസിൽ ലങ്കൻ ടെസ്റ്റ് ടീമിൽ അരങ്ങേറാൻ പ്രാപ്തനാക്കിയത്. 22കാരനായ ദുനിത്ത് ഇതിനകം ഒരു ടെസ്റ്റിലും 31 ഏകദിനങ്ങളിലും 5 ട്വന്റി-20കളിലും ലങ്കൻ കുപ്പായമണിഞ്ഞു.

അഫ്ഗാനെതിരായ മത്സരത്തിൽ ദുനിത്ത് ആദ്യ മൂന്നോവറുകളിൽ 17 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നുവെങ്കിലും ഇന്നിംഗ്സിലെ അവസാന ഓവറിൽ 32 റൺസ് വഴങ്ങിയിരുന്നു. അഫ്ഗാൻ ബാറ്റർ മുഹമ്മദ് നബി ദുനിത്തിന്റെ അവസാന ഓവറിൽ അഞ്ചു സിക്സുകളാണ് പറത്തിയത്. മത്സരശേഷം ദുനിത്തിന്റെ അച്ഛന്റെ മരണവാർത്തയറിഞ്ഞത് നബിയേയും ഞെട്ടിച്ചു.