കാഷ്യു കോർപ്പറേഷൻ ഉത്പന്നം കെ-സ്റ്റോറിലും, ഭക്ഷ്യവകുപ്പിന്റെ അനുമതി
കൊല്ലം: കാഷ്യു കോർപ്പറേഷൻ ഉത്പാദിപ്പിക്കുന്ന കശുവണ്ടിപ്പരിപ്പും മൂല്യവർദ്ധിത ഉത്പന്നങ്ങളും റേഷൻ കടകളോടു ചേർന്നുള്ള കെ- സ്റ്റോറുകൾ വഴി വിൽക്കാൻ ഭക്ഷ്യവകുപ്പിന്റെ അനുമതി. ഇതുസംബന്ധിച്ച് കെ-സ്റ്റോർ ചുമതലയുള്ള പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷനുമായി ധാരണാപത്രം ഒപ്പിടും. റേഷൻ കടകളിലൂടെ വിൽക്കാനും സർക്കാരിനോട് അനുമതി തേടിയിട്ടുണ്ട്. പൊതുവിപണിയിൽ കൂടുതൽ ഉത്പന്നങ്ങൾ വിൽക്കുന്നതിലൂടെ കോർപ്പറേഷൻ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് നിലവിൽ 2147 കെ- സ്റ്റോറുകളുണ്ട്.
കോർപ്പറേഷന്റെ ആകെ ഉത്പാദനത്തിന്റെ 17% മാത്രമാണ് നിലവിൽ ചില്ലറ വിപണിയിൽ ലഭ്യമാക്കുന്നത്. 83% കശുവണ്ടിപ്പരിപ്പും ഇ-ടെൻഡർ വഴി വമ്പൻ സ്വകാര്യ സംരംഭകരാണ് വാങ്ങുന്നത്. പൊതുവിപണിയിലെ വിലയെക്കാൾ 30%വരെ കുറവിലാണ് ടെൻഡർ ഉറപ്പിക്കുന്നത്. ഇങ്ങനെ വാങ്ങുന്ന സ്വകാര്യ കമ്പനികൾ കൂടിയ വിലയ്ക്കാണ് വിൽക്കുന്നത്.
കൂടുതൽ വില്പന ലക്ഷ്യം
നിലവിൽ ഇരുന്നൂറോളം ഫ്രാഞ്ചൈസികൾ, 18 ഔട്ട്ലെറ്റുകൾ, സപ്ലൈകോ, കൺസ്യൂമർഫെഡ് തുടങ്ങിയവയിലൂടെ മാത്രമാണ് കാഷ്യു കോർപ്പറേഷൻ റീട്ടെയിലായി വിൽക്കുന്നത്. കെ- സ്റ്റോറുകളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കുന്നതോടെ കൂടുതൽ വിൽക്കാനാവുമെന്നാണ് പ്രതീക്ഷ. ഉത്പാദനം വർദ്ധിക്കുന്നതോടെ തൊഴിലാളികളുടെ തൊഴിൽ ദിനങ്ങളും ഉയർത്താനാകും.
''കെ-സ്റ്റോറുകൾ വഴി ഉത്പന്നങ്ങൾ വിൽക്കാനുള്ള ധാരണാപത്രം വൈകാതെ ഒപ്പിടും
-എസ്. ജയമോഹൻ, ചെയർമാൻ,
കാഷ്യു കോർപ്പറേഷൻ