യുവേഫ ചാമ്പ്യൻസ് ലീഗ് ജയിച്ചുതുടങ്ങി ബാഴ്സയും സിറ്റിയും
ലണ്ടൻ : പുതിയ സീസൺ യുവേഫ ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരങ്ങളിൽ വിജയം നേടി മുൻ ചാമ്പ്യന്മാരായ സ്പാനിഷ് ക്ളബ് ബാഴ്സലോണയും ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റിയും. ബാഴ്സലോണ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ഇംഗ്ളീഷ് ക്ളബ് ന്യൂകാസിൽ യുണൈറ്റഡിനെ തോൽപ്പിച്ചപ്പോൾ മാഞ്ചസ്റ്റർ സിറ്റി മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് ഇറ്റാലിയൻ ക്ളബ് നാപ്പോളിയെ തുരത്തി.
മാർക്കസ് റാഷ്ഫോഡ് നേടിയ ഇരട്ട ഗോളുകൾക്കാണ് ബാഴ്സലോണ ന്യൂകാസിലിനെ കീഴടക്കിയത്.ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 58,67 മിനിട്ടുകളിലായിരുന്നു റാഷ്ഫോഡിന്റെ ഗോളുകൾ. 90-ാം മിനിട്ടിൽ അന്തോണി ഗോർഡനാണ് ന്യൂകാസിലിന്റെ ആശ്വാസഗോൾ നേടിയത്. 56-ാം മിനിട്ടിൽ എർലിംഗ് ഹാലാൻഡും 65-ാം മിനിട്ടിൽ ജെറമി ഡോക്കുവും നേടിയ ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി നാപ്പോളിയെ മറികടന്നത്. 21-ാം മിനിട്ടിൽ ജിയോവന്നി ഡി ലോറെൻസോ ചുവപ്പുകാർഡ് കണ്ട് പുറത്തായശേഷം 10 പേരുമായാണ് നാപ്പോളി കളിച്ചത്.
കഴിഞ്ഞരാത്രി നടന്ന മറ്റ് മത്സരങ്ങളിൽ എയ്ട്രാൻക്ട് ഫ്രാങ്ക്ഫർട്ട് ഒന്നിനെതിരെ അഞ്ചുഗോളുകൾക്ക് തുർക്കി ക്ളബ് ഗലറ്റസറിയെ തോൽപ്പിച്ചു. ക്ളബ് ബ്രൂഗെ 4-1ന് ഫ്രഞ്ച് ക്ളബ് എ.എസ് മൊണാക്കോയേയും സ്പോർടിംഗ് ലിസ്ബൺ 4-1ന് കൈരാതിനെയും തോൽപ്പിച്ചു. കോപ്പൻഹേഗനും ബയേർ ലെവർകൂസനും 2-2ന് സമനിലയിൽ പിരിഞ്ഞു.
മത്സരഫലങ്ങൾ
മാഞ്ചസ്റ്റർ സിറ്റി 2-നാപ്പോളി 0
ബാഴ്സലോണ 2- ന്യൂ കാസിൽ 1
ഫ്രാങ്ക്ഫർട്ട് 5-ഗലറ്റസറി 1
ക്ളബ് ബ്രൂഗെ 4- മൊണാക്കോ 1
ലെവർകൂസൻ 2-കോപ്പൻ ഹേഗൻ 2