ചുരുട്ടിക്കൂട്ടരുത് ചുരം റോഡ്, വേണ്ടത് സുരക്ഷാ പാക്കേജ്
കോഴിക്കോട്: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം റോഡ് സംരക്ഷിക്കാൻ സുരക്ഷാ പാക്കേജ് വേണമെന്ന ആവശ്യം ശക്തം. ആനക്കാംപൊയിൽ- വയനാട് തുരങ്കപാതയോ മറ്റ് ബദൽ റോഡുകളോ വന്നാൽ ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകില്ലെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നു. ചുരം റോഡിന് സമാന്തരമായ നിർദ്ദിഷ്ട ചിപ്പിലിത്തോട്-തളിപ്പുഴ ബൈപാസ് റോഡ് സാദ്ധ്യമാക്കണമെന്ന ആവശ്യവും ശക്തമായി. ഈ ലക്ഷ്യത്തോടെയുള്ള പ്രചാരണവും പ്രക്ഷോഭവും നടത്താനാണ് സംഘടനകളുടെയും പാർട്ടികളുടെയും നീക്കം. മുസ്ലീം ലീഗ് പ്രക്ഷോഭം നടത്താൻ തീരുമാനിച്ചു. 'വരണം ചുരം ബെെപാസ്, മാറണം ദുരിതയാത്ര' എന്ന മുദ്രാവാക്യവുമായി ബെെപാസ് ആക്ഷൻ കമ്മിറ്റിയും വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട്, വയനാട് ജില്ലാ കമ്മിറ്റികളും സംയുക്തമായി കഴിഞ്ഞ ദിവസം ബത്തേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് ജനകീയ സമരജാഥ സംഘടിപ്പിച്ചിരുന്നു.
നിർദ്ദിഷ്ട വയനാട് ബെെപാസ് യാഥാർത്ഥ്യമാക്കണമെന്നത് ആക്ഷൻ കമ്മിറ്റിയുടെ വർഷങ്ങളായുള്ള ആവശ്യമാണ്. ഇതിന് സംസ്ഥാന സർക്കാർ വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) തയ്യാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിക്കണം. എന്നാൽ കഴിഞ്ഞ ബഡ്ജറ്റിൽ 33 കോടി രൂപ ടോക്കൺ തുക നീക്കിവച്ചെങ്കിലും തുടർ പ്രവർത്തനമുണ്ടായില്ല. നിലവിലെ ദേശീയപാത വികസനത്തിന്റെ ഭാഗമായി ബെെപാസിന്റെ സാദ്ധ്യതാപഠനവും സർവേയുമാണ് അടിയന്തരമായി നടത്തേണ്ടത്. ആറ്, ഏഴ്, എട്ട് വളവുകളിൽ വശങ്ങൾ വീതി കൂട്ടുമെന്ന പ്രഖ്യാപനവും നടപ്പായില്ല. ഇതിനായി വനം വകുപ്പ് ഒരു ഹെക്ടർ സ്ഥലം വിട്ടുകൊടുത്തിരുന്നു.
- പ്രധാന ആവശ്യങ്ങൾ
- ചുരത്തിലെ കുരുക്കിന് പരിഹാരം കാണുക.
- ചുരം റോഡ് ബലപ്പെടുത്തി സംരക്ഷിക്കുക.
- ചുരത്തിന്റെ പെെതൃകം നിലനിറുത്തുക.
- വശങ്ങൾ കെട്ടി മണ്ണിടിച്ചിൽ നിയന്ത്രിക്കുക.
നിർദ്ദിഷ്ട ബെെപാസ്
റൂട്ട്: ചിപ്പിലത്തോട് - മരുതിലാവ് - തളിപ്പുഴ
ദൂരം 14 കിലോമീറ്റർ
യാത്രാദൂരം കുറയുക 200 മീറ്റർ
- ലീഗ് സത്യഗ്രഹം 27ന്
ചുരം റോഡിലെ അഴിയാക്കുരുക്കിന് പരിഹാരമുണ്ടാക്കുക. നിർദ്ദിഷ്ട - ചിപ്പിലിത്തോട് തളിപ്പുഴ ബൈപാസ് സാദ്ധ്യമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മുസ്ലിം ലീഗ് പ്രക്ഷോഭം നടത്തും. ആദ്യപടിയായി 27ന് അടിവാരത്ത് സത്യഗ്രഹം നടത്തും. ഇതിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.