ഓ,മാൻ... സഞ്ജൂ...

Friday 19 September 2025 11:12 PM IST

ഒമാനെതിരെ സഞ്ജുവിന് അർദ്ധസെഞ്ച്വറി (56), ഇന്ത്യ 188/8

അബുദാബി : ഒമാനെതിരായ ഏഷ്യാകപ്പ് ഗ്രൂപ്പ് മത്സരത്തിൽ മലയാളിതാരം സഞ്ജു സാംസൺ (56) അർദ്ധ സെഞ്ച്വറിയുമായി മിന്നിത്തിളങ്ങിയപ്പോൾ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 188/8 എന്ന സ്കോർ ഉയർത്തി. 45 പന്തുകളിൽ മൂന്നുവീതം ഫോറും സിക്സും പറത്തിയ സഞ്ജുവിന്റെ മൂന്നാം അന്താരാഷ്ട്ര ട്വന്റി-20 സെഞ്ച്വറിയാണിത്.

യ ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ജസ്പ്രീത് ബുംറയ്ക്കും വരുൺ ചക്രവർത്തിക്കും വിശ്രമം നൽകി ഇന്ത്യ അർഷ്ദീപ് സിംഗിനെയും ഹർഷിത് റാണയേയും കളിക്കാനിറക്കി. എട്ടുപന്തുകളിൽ അഞ്ച് റൺസ് നേടിയ ശുഭ്മാൻ ഗില്ലിനെ 1.3-ാം ഓവറിൽ നഷ്ടമായതിനെത്തുടർന്ന് ഫസ്റ്റ് ഡൗണായി സ്ഥാനക്കയറ്റം കിട്ടിയ സഞ്ജു സാംസൺ കളത്തിലിറങ്ങി. തുടക്കത്തിൽ ഒമാൻ ബൗളിംഗിനെ നേരിടാൻ അൽപ്പം ബുദ്ധിമുട്ടിയെങ്കിലും പതിയെ താളം കണ്ടെത്തിയ സഞ്ജു മികച്ച ഷോട്ടുകൾ പായിച്ചുതുടങ്ങി.

എട്ടാം ഓവറിൽ അഭിഷേക് ശർമ്മ (15 പന്തുകളിൽ 38 റൺസ് ) പുറത്താകുമ്പോൾ ഇന്ത്യ 72 റൺസിലെത്തിയിരുന്നു. പകരമിറങ്ങിയ ഹാർദിക് പാണ്ഡ്യ(1) റൺഔട്ടായശേഷമെത്തിയ അക്ഷർ പട്ടേലുമൊത്ത് സഞ്ജു 118ലെത്തിച്ചു. അക്ഷറും ശിവം ദുബെയും (5) മടങ്ങിയശേഷം സഞ്ജുവും തിലക് വർമ്മയും(29) ചേർന്ന് അടിച്ചുകസറി. 18-ാം ഓവറിൽ ടീമിനെ 171ലെത്തിച്ച ശേഷമാണ് സഞ്ജു പുറത്തായത്.