അമീബിക് മസ്തിഷ്‌ക ജ്വരം: മദ്ധ്യവയസ്കൻ മരിച്ചു
Saturday 20 September 2025 12:12 AM IST
കോഴിക്കോട് / ചാവക്കാട് : അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. ചാവക്കാട് മണത്തല മലബാരി കുഞ്ഞുമുഹമ്മദിന്റെ മകൻ കുരിക്കളകത്ത് അബ്ദുറഹിമാനാണ് (59) മരിച്ചത്. ഇന്നലെ മൈക്രോബയോളജി ലാബിൽ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ന്യൂമോണിയ രോഗ ലക്ഷണങ്ങളും ഉണ്ടായിരുന്നു. ബുധനാഴ്ച അബോധാവസ്ഥയിലായ റഹീമിനെ അയൽവാസികളാണ് മെഡിക്കൽ കോളേജിലെത്തിച്ചത്. നിലവിൽ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മെഡിക്കൽ കോളേജിൽ അഞ്ചും മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മൂന്നും സ്വകാര്യ ആശുപത്രിയിൽ ഒരു രോഗിയുമുണ്ട്. രോഗികൾ മരുന്നുകളോട് പ്രതികരിക്കുന്നതായും ആരോഗ്യനിലയിൽ പുരോഗതിയുള്ളതായും ആരോഗ്യപ്രവർത്തകർ അറിയിച്ചു.