ഷൈനിനെതിരെ അപവാദപ്രചാരണം: കെ.എം.ഷാജഹാനും കോൺ. നേതാവിനുമെതിരെ കേസ്
കൊച്ചി: സോഷ്യൽ മീഡിയയിൽ അപവാദ പ്രചാരണം നടത്തുന്നുവെന്ന സി.പി.എം വനിതാ നേതാവ് കെ.ജെ. ഷൈനിന്റെ പരാതിയിൽ ആലുവ സൈബർ പൊലീസ് കേസെടുത്തു. പറവൂരിലെ വീട്ടിലെത്തി ഷൈനിന്റെ മൊഴിയും രേഖപ്പെടുത്തി. നടപടികൾ ഒരു മണിക്കൂറിലേറെ നീണ്ടു. പ്രാദേശിക കോൺഗ്രസ് നേതാവ് സി.കെ. ഗോപാലകൃഷ്ണൻ, യുട്യൂബ് ചാനൽ ഉടമയും മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കെ.എം. ഷാജഹാൻ എന്നിവരാണ് പ്രതികൾ. ഐ.ടി ആക്ട്, സ്ത്രീത്വത്തെ അവഹേളിക്കൽ, പിന്തുടർന്ന് അവഹേളനം, ശല്യപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
ഈ മാസം 14 മുതൽ 18 വരെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി വിവിധ സമൂഹമാദ്ധ്യമങ്ങളിലൂടെയും യുട്യൂബ് ചാനലുകളിലൂടെയും പരാതിക്കാരിയെ അപമാനിക്കാനും മാനഹാനിയും വിഷമവും ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ, പരാതിക്കാരിയുടെ ചിത്രവും പേരും വച്ച് ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ അടക്കമുള്ള പോസ്റ്റുകൾ പ്രസിദ്ധീകരിച്ചെന്നും എഫ്.ഐ.ആറിലുണ്ട്.
അപവാദപ്രചാരണങ്ങൾക്ക് മുന്നിൽ തോറ്റുകൊടുക്കില്ലെന്ന് ഭർത്താവ് ഡൈനൂസ് തോമസിനൊപ്പം പറവൂരിൽ മാദ്ധ്യമങ്ങളെ കണ്ട കെ.ജെ. ഷൈൻ പറഞ്ഞു. പരിചയക്കാരനായ പ്രാദേശിക കോൺഗ്രസ് നേതാവ് ഒരു ബോംബുവരുമെന്നും ധൈര്യത്തോടെ നേരിടണമെന്നും സ്വകാര്യമായി പറഞ്ഞിരുന്നെന്നും അവർ വ്യക്തമാക്കി.
സൈബറാക്രമണത്തിന് പിന്നിൽ കോൺഗ്രസ് തന്നെയാണ്. സ്ത്രീ എന്ന നിലയ്ക്ക് ഒട്ടും അംഗീകരിക്കാൻ സാധിക്കാത്ത സൈബറാക്രമണമാണ് ഭാര്യയ്ക്ക് നേരെയുണ്ടാകുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ഇത്തരമൊരു നീക്കമെന്നും ഡൈനൂസ് പറഞ്ഞു.
നാട്ടിൽ കോൺഗ്രസുമായി ബന്ധമുള്ള വ്യക്തികളാണ് പോസ്റ്റുകൾ പങ്കുവച്ചിരിക്കുന്നത്. ജിന്റോ ജോൺ, ബി.ആർ.എം ഷെഫീർ ഉൾപ്പെടെ ഉന്നതരായ നേതാക്കളും പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ഷെയർ ചെയ്തവരിൽ ഭൂരിഭാഗവും കോൺഗ്രസിൽ ഉന്നതസ്ഥാനം വഹിക്കുന്നവരാണെന്നും ഡൈനൂസ് പറഞ്ഞു.
പ്രത്യേക ടീം അന്വേഷിക്കും
സമൂഹമാദ്ധ്യമങ്ങളിലൂടെ അപകീർത്തിപരമായ രീതിയിൽ വാർത്ത പ്രചരിപ്പിച്ചതിനെതിരെ സി.പി.എം നേതാവ് കെ.ജെ. ഷൈൻ നൽകിയ പരാതി മുനമ്പം ഡിവൈ.എസ്.പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. ജില്ലാ പൊലീസ് മേധാവി എം. ഹേമലതയാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.