പന്ത് ഇനിയുമുരുളും

Friday 19 September 2025 11:13 PM IST

ഫുട്ബാൾ ഫെ‌ഡറേഷന്റെ കരടു ഭരണഘടന സുപ്രീംകോടതി അംഗീകരിച്ചു,

ഫിഫ വിലക്കിൽ നിന്ന് ഇന്ത്യയ്ക്ക് രക്ഷപെടാം, ഐ.എസ്.എൽ ഉൾപ്പടെ നടക്കും

ന്യൂഡൽഹി: ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ കരടുഭരണഘടന സുപ്രീം കോടതി അംഗീകരിച്ചതോടെ ഇന്ത്യൻ ഫുട്ബാളിന് മുകളിൽ അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷൻ വിലക്ക് ഭീഷണിയുടെ രൂപത്തിൽ ഉരുണ്ടുകൂടിയിരുന്ന കാർമേഘങ്ങൾ അകന്നു. എ.ഐ.എഫ്.എഫിൽ പുതിൽ സംഘടനാ തിരഞ്ഞെടുപ്പ് വേണ്ടെന്ന് നിലപാടെടുത്ത ജസ്റ്റിസുമാരായ പി.എസ്. നരസിംഹ,​ ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നാലാഴ്ചയ്‌ക്കകം ജനറൽ ബോർഡ് കൂടി ഭരണഘടന അന്തിമമാക്കണമെന്ന് നിർദ്ദേശവും നൽകി. ഇതോടെ അനിശ്ചിതത്വത്തിൽ തുടരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ അടക്കമുളള കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അവസരവുമൊരുങ്ങി.

ഈ മാസം 30ന് മുമ്പ് ഭരണഘടനാഭേദഗതി അംഗീകരിച്ചില്ലെങ്കിൽ ഇന്ത്യയെ വിലക്കുമെന്നാണ് ഫിഫ ഭീഷണി മുഴക്കിയിരുന്നത്.ഭരണസമിതി ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ 2017ലെ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഉത്തരവ് ഉണ്ടാകാത്തതായിരുന്നു എ.ഐ.എഫ്.എഫ് നേരിട്ട പ്രതിസന്ധി. ഇതുകാരണം ഐ.എസ്.എൽ പുതിയ സീസൺ തുടങ്ങുന്നത് വൈകുകയും ചെയ്തു.

കല്യാൺ ചൗബെയുടെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതിക്ക് ഒരു വർഷം മാത്രമാണ് കാലാവധി ബാക്കിയുള്ളത്.​ അതിനാൽ ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തേണ്ട കാര്യമില്ലെന്നാണ് കോടതി വിധിച്ചത്. ഇന്ത്യൻ ഫുട്ബോളിനെ കൂടുതൽ അനിശ്ചിതത്വങ്ങളിൽ കുരുക്കാതെ, വലിയ ആശ്വാസമാകുന്ന നടപടിയാണ് ഇന്നലെ പരമോന്നത കോടതിയിൽ നിന്നുണ്ടായത്. ഫെഡറേഷന്റെ പുതിയ ഭരണഘടന ഇന്ത്യൻ ഫുട്ബാളിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് സുപ്രീംകോടതി പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇത് ഇന്ത്യൻ ഫുട്ബോളിന്റെ വിജയമാണ്. കോടതി തീരുമാനം സ്ഥിരത ഉറപ്പാക്കുന്നതാണ്. വ്യവഹാരങ്ങളിൽ കുരുങ്ങി കിടക്കുന്നതിനു പകരം ഭരണ പരിഷ്ക്കാരങ്ങളിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും

- എം. സത്യനാരായൺ എ.ഐ.എഫ്.എഫ് സെക്രട്ടറി ജനറൽ

ഐ.എസ്.എൽ ഇനി അധികം വൈകില്ല

ഐ.എസ്.എൽ സംപ്രേഷണാവകാശവുമായി ബന്ധപ്പെട്ട് ഫുട്ബാൾ സ്പോർട്സ് ഡെലവപ്പ്മെന്റ് ലിമിറ്റഡുമായി എ.ഐ.എഫ്.എഫ് ഒപ്പിട്ടിരുന്ന കരാർ ഈ ഡിസംബറിൽ പുതുക്കേണ്ടതായിരുന്നു.

കോടതിയിൽ കേസ് നടക്കുന്നതിനാൽ നിലവിലെ ഭരണസമിതി ഒപ്പിട്ടാൽ കരാർ സാധുവാകില്ലെന്നതിനാൽ ഇത് വൈകി.

കരാർ പുതുക്കാതെ പുതിയ സീസൺ തുടങ്ങാനാകില്ലെന്ന് എഫ്.എസ്.ഡി.എൽ നിലാപടെടുത്തതോടെ ക്ളബുകൾ പ്രീ സീസൺ തയ്യാറെടുപ്പ് മരവിപ്പിച്ചു. താരങ്ങൾക്ക് ശമ്പളവും കുറച്ചു. ഇതാണ് ഐ.എസ്.എല്ലിനെ പ്രതിന്ധിയിലാക്കിയത്.

ഭരണസമിതിയെ കോടതി അംഗീകരിച്ചതോടെ പുതിയ കരാർ ഒപ്പിടാനാകും. പുതിയ കരാറിനായി ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ ക്വട്ടേഷൻ ക്ഷണിച്ചിട്ടുണ്ട്.