വയനാട്ടിലെ കോൺഗ്രസ് നേതാക്കൾക്ക് താക്കീത്
□ എൻ.എം വിജയന്റെ അർബൻ ബാങ്കിലെ കടബാദ്ധ്യത പാർട്ടി തീർക്കും
കൽപ്പറ്റ: വയനാട് കോൺഗ്രസിലെ പ്രശ്നങ്ങൾ തീർക്കാൻ പ്രത്യേക നേതൃയോഗം ചേർന്നു. എ.ഐ.സി.സി നിർദ്ദേശ പ്രകാരം ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. ജില്ലയിലെ നേതാക്കൾക്ക് കെ.സി വേണുഗോപാൽ ശക്തമായ താക്കീത് നൽകി. സോണിയാ ഗാന്ധി,രാഹുൽ ഗാന്ധി,പ്രിയങ്ക ഗാന്ധി എന്നിവരുടെ അഭിപ്രായവും കണക്കിലെടുത്താണിത്.
വയനാട്ടിലെ സംഭവങ്ങൾ ലാഘവത്തോടെ എടുക്കാമെന്ന് ആരും കരുതേണ്ട. അടിയന്തരമായി പ്രശ്നങ്ങൾ പരിഹരിക്കണം. ആരാണ് കുഴപ്പക്കാരെന്ന് പാർട്ടിക്കറിയാം. നേതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കും- കെ.സി വേണുഗോപാൽ മുന്നറിയിപ്പ് നൽകി. ഗ്രൂപ്പ്‌നേതാക്കളുടെ പേരെടുത്ത് പറഞ്ഞായിരുന്നു വിമർശനം. ദൗർഭാഗ്യകരമായ സംഭവങ്ങളാണ് നടന്നത്. കുറ്റക്കാർ ആരായാലും അവരെ സംരക്ഷിക്കില്ലെന്നും കെസി.വേണുഗോപാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫും യോഗത്തിൽ രൂക്ഷ വിമർശനമാണ് നടത്തിയത്. പല വട്ടം താക്കീത് നൽകിയിട്ടും പാർട്ടി താത്പര്യങ്ങൾക്ക് വിരുദ്ധമായാണ് ജില്ലയിലെ ചില നേതാക്കൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു. എൻ.എം വിജയന്റെ ബത്തേരി അർബൻ ബാങ്കിലെ കടബാദ്ധ്യത കോൺഗ്രസ് തീർക്കുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. നിയമപരമായ ബാദ്ധ്യതയില്ലെങ്കിലും ധാർമികമായ ബാദ്ധ്യത പാർട്ടിക്കുണ്ട്. കോൺഗ്രസ് കുടുംബത്തെ സഹായിക്കുമെന്ന് പറഞ്ഞ വാക്ക് നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
മുള്ളകൊല്ലിയിലെ പ്രശ്നങ്ങൾ പഠിക്കാൻ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തി. ജില്ലയുടെ ചുമതലയുള്ള സജീവ്‌ജോസഫ് എം.എൽ.എ, ജമീല ആലിപ്പറ്റ എന്നിവരാണ് വിഷയം പഠിച്ച് റിപ്പോർട്ട് നൽകുക.