ആനന്ദവല്ലിക്ക് കരുവന്നൂർ ബാങ്ക് 10,000 രൂപ മടക്കി നൽകി
Saturday 20 September 2025 12:15 AM IST
ഇരിങ്ങാലക്കുട: കേന്ദ്രമന്ത്രി സുരേഷ് ഗോപി പരിഹസിച്ച ആനന്ദവല്ലിക്ക് കരുവന്നൂർ ബാങ്ക് നിക്ഷേപത്തുകയിൽ നിന്ന് 10,000 രൂപ മടക്കി നൽകി. 1.75 ലക്ഷമാണ് ആനന്ദവല്ലിക്ക് ബാങ്ക് നൽകാനുണ്ടായിരുന്നത്. ഇന്നലെ രാവിലെ പൊറത്തിശ്ശേരി ലോക്കൽ സെക്രട്ടറി ആർ.എൽ.ജീവൻ ലാലിന്റെ നേതൃത്വത്തിൽ സി.പി.എം പ്രവർത്തകരാണ് ആനന്ദവല്ലിയെ ബാങ്കിലേക്ക് കൊണ്ടുപോയത്.
കലുങ്ക് സംവാദ പരിപാടിക്കിടെ കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടുന്നതുമായി ബന്ധപ്പെട്ട് ആനന്ദവല്ലി ചോദ്യം ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രിയെ സമീപിക്കാനായിരുന്നു സുരേഷ് ഗോപിയുടെ ആദ്യ മറുപടി. മുഖ്യമന്ത്രിയെ തേടി തനിക്ക് പോകാൻ കഴിയില്ലെന്ന് ആനന്ദവല്ലി പറഞ്ഞതോടെ 'എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ' എന്ന് സുരേഷ് ഗോപി പ്രതികരിച്ചത് വിവാദമായിരുന്നു.