ശബരി റെയിൽ:പകുതി തുക വഹിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിറെയിൽ പദ്ധതിയുടെ ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുതുക്കിയ എസ്റ്റിമേറ്റ് തുക അനുസരിച്ച് 3,810 കോടി രൂപയുടെ 50 ശതമാനമായ 1,905 കോടി രൂപയാണ് വഹിക്കേണ്ടത്. ഈ തുക സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്നു ഒഴിവാക്കണമെന്ന ആവശ്യം അനുഭാവപൂർവം കേന്ദ്ര സർക്കാർ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ ചെലവിന്റെ പകുതി കേന്ദ്രം വഹിക്കണം എന്ന പുതിയ നിർദേശം സർക്കാർ മുന്നോട്ടുവച്ചിട്ടില്ല.
സംസ്ഥാന വിഹിതത്തിൽ നിന്ന് പണം കണ്ടെത്തി ഭൂമി ഏറ്റെടുക്കൽ ആരംഭിക്കുന്ന മുറയ്ക്ക് പദ്ധതിയുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാം എന്നാണ് റെയിൽവേ മന്ത്രിയുടെ ഉറപ്പ്. റെയിൽവേ ബോർഡ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കൽ നടപടികൾ പുനരാരംഭിക്കുവാനുള്ള നിർദ്ദേശം എറണാകുളം, ഇടുക്കി, കോട്ടയം ജില്ലാ കളക്ടർമാർക്ക് നൽകിയത്. കളക്ടർമാർ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കുമ്പോൾ അക്കാര്യം റെയിൽവേ മന്ത്രാലയത്തെ അറിയിക്കും.
''പദ്ധതി പുനരുജ്ജീവിപ്പിക്കുവാനും സമയബന്ധിതമായി പൂർത്തിയാക്കുവാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.''
-പിണറായി വിജയൻ
മുഖ്യമന്ത്രി