എസ്.എസ്.എൽ.വി ഇനി 'സ്വകാര്യ' റോക്കറ്റ്, ഐ.എസ്.ആർ.ഒ നിർമ്മിക്കില്ല, സാങ്കേതിക വിദ്യ എച്ച്.എ.എല്ലിന് കൈമാറി
തിരുവനന്തപുരം: ഐ.എസ്.ആർ.ഒ വികസിപ്പിച്ച എസ്.എസ്.എൽ.വി എന്ന ചെറു വിക്ഷേപണ റോക്കറ്റ് നിർമ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ പൊതുമേഖല സ്ഥാപനമായ ബംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന് (എച്ച്.എ.എൽ) കൈമാറി. 511 കോടിക്കാണ് കൈമാറ്റം. എച്ച്.എ.എല്ലിന്റെ നേതൃത്വത്തിൽ സ്വകാര്യ സംരംഭകർകൂടി അടങ്ങിയ കൺസോർഷ്യമാകും എസ്.എസ്.എൽ.വി നിർമ്മിക്കുക. ആദ്യ റോക്കറ്റ് 2027ൽ പുറത്തിറക്കും.
ഏറ്റവുമധികം വാണിജ്യ സാദ്ധ്യതയുള്ള റോക്കറ്റാണിത്. നിർമ്മിക്കാൻ അധികം സമയം വേണ്ട. ചെറിയ വിക്ഷേപണങ്ങൾക്ക് അനുയോജ്യമായത്. ചെറിയ തുകയ്ക്ക് വിക്ഷേപിക്കാം. വിക്ഷേപണം ശ്രീഹരിക്കോട്ട സതീഷ്ധവാൻ സ്പേസ് സെന്ററിലോ തമിഴ്നാട്ടിലെ തൂത്തുകുടി കുലശേഖരപട്ടണത്തെ പുതിയ സ്പേസ് കേന്ദ്രത്തിലോ നടത്താം. ഇതിനുള്ള ചെലവ് ഐ.എസ്.ആർ.ഒയ്ക്ക് പ്രത്യേകം നൽകണം. പ്രതിവർഷം 8 റോക്കറ്റ് വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ വിക്ഷേപണരംഗം സ്വകാര്യ മേഖലയ്ക്കായി തുറന്നു കൊടുത്തതിനു ശേഷമുള്ള പ്രധാന സാങ്കേതിക വിദ്യാകൈമാറ്റമാണിത്. മറ്റു ചില പൊതുമേഖല സ്ഥാപനങ്ങളടങ്ങിയ കൺസോർഷ്യങ്ങളടക്കം സാങ്കേതിക വിദ്യ സ്വന്തമാക്കാൻ രംഗത്തുണ്ടായിരുന്നു. എന്നാൽ, ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്തതും ഐ.എസ്.ആർ.ഒയ്ക്കുവേണ്ടി റോക്കറ്റുകളുടെ വിവിധ ഭാഗങ്ങൾ നിർമ്മിച്ചു നൽകിയതും പി.പി.പി മോഡലിൽ പി.എസ്.എൽ.വി നിർമ്മിക്കുന്നതിന്റെ അനുഭവ പരിചയവും എച്ച്.എ.എല്ലിന് അനുകൂലമായി.
നിർമ്മാണം മുതൽ
വില്പന വരെ
1.റോക്കറ്റിന്റെ നിർമ്മാണം, വിക്ഷേപണം, മറ്റു രാജ്യങ്ങൾക്കടക്കം വില്പന നടത്തുന്നതുമെല്ലാം എച്ച്.എ.എൽ
2.എച്ച്.എ.എല്ലിലെ എൻജിനിയർമാർക്ക് ഐ.എസ്.ആർ.ഒ പരിശീലനം നൽകും. ആദ്യ റോക്കറ്റ് നിർമ്മാണത്തിന് മേൽനോട്ടവും വഹിക്കും
ചെറുവിക്ഷേപണ റോക്കറ്റ്
ഐ.എസ്.ആർ.ഒയുടെ റോക്കറ്റുകളിൽ ഏറ്റവും കുറവുദൂരം സഞ്ചരിക്കാൻ കഴിയുന്നതും കുറച്ച് ഭാരം വഹിക്കാൻ കഴിയുന്നതുമാണ് എസ്.എസ്.എൽ.വി. താഴ്ന്ന ഭ്രമണപഥത്തിലേക്ക് 500 കിലോയും തൊട്ടുമുകളിലുള്ള സൺസിക്രോണസ് ഭ്രമണപഥത്തിലേക്കു 300കിലോയും വഹിക്കാനാകും. ഖര ഇന്ധനംമാത്രം. മൂന്നുഘട്ട എൻജിനുകൾ. ഒരു വിക്ഷേപണത്തിൽ വിവിധ ഭ്രമണപഥങ്ങളിലേക്ക് ഉപഗ്രഹങ്ങളെ എത്തിക്കാം. ഒന്നിൽ കൂടുതൽ ഉപഗ്രഹങ്ങളെ വഹിക്കാനും ശേഷി.
511 കോടി
സാങ്കേതിക വിദ്യ കൈമാറ്റത്തുക
169.5 കോടി
റോക്കറ്റ് വികസനച്ചെലവ്
35 കോടി
ഒരു റോക്കറ്റ് വിക്ഷേപിക്കാനുള്ള ചെലവ്