സോണിയ ഗാന്ധിയും രാഹുലും വയനാട്ടിൽ

Saturday 20 September 2025 12:18 AM IST

കൽപ്പറ്റ: കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയ ഗാന്ധിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും വയനാട്ടിൽ. സ്വകാര്യ സന്ദർശനത്തിനായാണ് ഇരുവരും ജില്ലയിലെത്തിയത്. ഇന്നലെ രാവിലെ പത്തോടെ ഹെലികോപ്ടറിൽ പടിഞ്ഞാറത്തറ സ്‌കൂൾ ഗ്രൗണ്ടിലിറങ്ങിയ ഇരുവരെയും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കൾ സ്വീകരിച്ചു. തുടർന്ന് റോഡ് മാർഗം പടിഞ്ഞാറത്തറയിലെ സ്വകാര്യ റിസോർട്ടിലെത്തി.

മൂന്നുദിവസം പ്രിയങ്ക ഗാന്ധി എം.പിയോടൊപ്പം സോണിയയും രാഹുലും വയനാട്ടിലുണ്ടാകും. പാർട്ടി പരിപാടികളോ പൊതുപരിപാടികളോ ആസൂത്രണം ചെയ്തിട്ടില്ല. കോഫി ബോർഡ് ആസ്ഥാനത്ത് കർഷകരുമായി നടന്ന കൂടിക്കാഴ്ചയിലും സ്വാമിനാഥൻ ഫൗണ്ടേഷൻ സന്ദർശനത്തിലും പ്രിയങ്കയ്ക്കൊപ്പം സോണിയ ഗാന്ധി പങ്കെടുത്തു.

കെ.സി.വേണുഗോപാൽ എം.പി, സണ്ണി ജോസഫ് എം.എൽ.എ, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ ഇരുവരുമായി കൂടിക്കാഴ്ച നടത്തി.