ഹില്ലി അക്വ വിദേശത്തും ഹിറ്റ്, 'ദുബായ് കുടിച്ചത്' 51,228 ലിറ്റർ വെള്ളം

Saturday 20 September 2025 12:18 AM IST

കൊച്ചി: ദുബായ് വിപണിയി​ലും ഹിറ്റായി കേരളത്തിന്റെ ഹില്ലി അക്വ കുപ്പിവെള്ളം. ഒരുമാസം മുമ്പ് ആദ്യം കയറ്റുമതി ചെയ്ത 51,228 ലിറ്റർ കുപ്പിവെള്ളവും വിറ്റഴിഞ്ഞു. യു.എ.ഇയി​ലെ അരോണ ജനറൽ ട്രേഡിംഗ് എൽ.എൽ.സി കമ്പനിയാണ് ഇറക്കുമതി ചെയ്യുന്നത്. അടുത്ത ഓർഡറി​ന് മുന്നോടി​യായി​ ദുബായ് മുനി​സി​പ്പൽ​ പ്രതി​നി​ധി​കൾ ഉടൻ കേരളത്തിലെത്തും.

കഴിഞ്ഞ ഒക്ടോബറിലാണ് കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനും അരോണ കമ്പനിയും തമ്മിൽ ആറ് ജി.സി.സി രാജ്യങ്ങളിൽ വിതരണം ചെയ്യാൻ ധാരണാപത്രം ഒപ്പിട്ടത്. തുടർന്ന് ദുബായ് മുനിസിപ്പൽ പ്രതിനിധികൾ ഒരുമാസം മുമ്പ് ഹില്ലി അക്വ പ്ലാന്റുകൾ സന്ദർശിച്ച് വെള്ളത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തി​.

1.5 ലിറ്റർ,ഒരു ലിറ്റർ കുപ്പിവെള്ളമാണ് കയറ്റുമതി ചെയ്തത്. തിരുവനന്തപുരത്ത് അന്താരാഷ്ട്ര വ്യാപാരമേളയിലെത്തിയ സംരംഭകരാണ് ഹില്ലി അക്വ വിദേശത്ത് എത്തിക്കുന്നതിന് താത്പര്യം പ്രകടിപ്പിച്ചത്. നിലവിൽ കടൽവെള്ളം ശുദ്ധീകരിച്ചാണ് ദുബായ് കുടിവെള്ളം ഉത്പാദിപ്പിക്കുന്നത്.

ആദ്യ സംസ്ഥാനം

യു.എ.ഇയിലേക്ക് കുപ്പിവെള്ളം കയറ്റുമതി ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. ദുബായ് മുനിസിപ്പാലിറ്റി ലൈസൻസ് ലഭിച്ചതോടെ യു.എ.ഇയിലെ മറ്റ് രാജ്യങ്ങളിലേക്കും കുപ്പിവെള്ളം എത്തിക്കാം. ഇതിനുള്ള തയ്യാറെടുപ്പുകളിലാണ് ഹില്ലി അക്വ.

11.40 കോടി

2024-25 കാലയളവിൽ 11.40 കോടിയാണ് ഹില്ലി അക്വയുടെ വിറ്റുവരവ്. നിലവിൽ തൊടുപുഴ,അരുവിക്കര പ്ലാന്റുകളിൽ ഒരുഷിഫ്റ്റിൽ പ്രതിദിനം 78,000ലിറ്റർ കുപ്പിവെള്ളമാണ് (2,500 കെയ്സ്) ഉത്പാദനം. പുതി​യ പ്ലാന്റുകൾ വരുന്നതോടെ ഉത്പാദനം അഞ്ചിരട്ടിയാകും.

ആവശ്യത്തി​ന് അനുസരി​ച്ച് കുപ്പി​വെള്ളം കയറ്റുമതി ചെയ്യാൻ ഹില്ലി അക്വ സജ്ജം. കൂടുതൽ കമ്പനികൾ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷ. -വി. സജി സീനിയർ ജനറൽ മാനേജർ ഹില്ലി അക്വ