മൂന്നാം വിവാഹം: അന്ധയാചകന് കൗൺസലിംഗ് നിർദ്ദേശിച്ച് ഹൈക്കോടതി
കൊച്ചി: രണ്ടാം ഭാര്യക്ക് ജീവനാംശം നൽകാതെ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്ന അന്ധയാചകന് മതനേതാക്കൾ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ സർക്കാർ കൗൺസലിംഗ് നൽകണമെന്ന് ഹൈക്കോടതി. സാദ്ധ്യമെങ്കിൽ ഇരുവരെയും ഒന്നിപ്പിക്കണം. അല്ലെങ്കിൽ ഒരു നിരാലംബ വനിത ഉപേക്ഷിക്കപ്പെടും. ആദ്യഭാര്യയുടെ താത്പര്യവും സംരക്ഷിക്കപ്പെടണമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. കുടുംബക്കോടതി ഉത്തരവിനെ തുടർന്ന് പാലക്കാട് കുറ്റിപ്പുറം സ്വദേശി എൻ. സെയ്ദലവിക്കെതിരെ മലപ്പുറം സ്വദേശി ജുബൈരിയ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഇതിന്റെ പകർപ്പ് സാമൂഹികക്ഷേമ വകുപ്പ് സെക്രട്ടറിക്ക് കൈമാറണം. കുടുംബകോടതി നിരീക്ഷിച്ചതു പോലെ,
ഭാര്യയ്ക്ക് ജീവനാംശം നൽകാൻ യാചകനോട്
കോടതിക്ക് നിർദ്ദേശിക്കാനാവില്ലെങ്കിലും ഭാര്യമാർക്ക് നീതി ലഭ്യമാകണമെന്നു വിലയിരുത്തി ഹർജി തീർപ്പാക്കി. വെള്ളിയാഴ്ചകളിൽ പള്ളിയുടെ മുന്നിൽ ഭിക്ഷാടനം നടത്തിയും ചെറിയ ജോലികൾ ചെയ്തുമാണ് ജീവിക്കുന്നതെന്നായിരുന്നു സെയ്ദലവിയുടെ വാദം. പ്രതിക്ക് 25,000 രൂപ വരുമാനമുണ്ടെന്നും അതിൽനിന്ന് 10,000 രൂപ ജീവനാംശമായി ലഭിക്കണമെന്നുമായിരുന്നു ഹർജിക്കാരിയുടെ വാദം. 'ജീവിക്കാനായി ആരും ഭിക്ഷാടനം നടത്തുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന്റെയും കോടതിയുടെയും സമൂഹത്തിന്റെയും കടമയാണ്. ഭക്ഷണവും വസ്ത്രവും ഉറപ്പുവരുത്തേണ്ട ബാദ്ധ്യതയുണ്ട്. അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്ന നീയൊന്നുതന്നെ ഞങ്ങൾക്കു തമ്പുരാൻ" എന്ന ശ്രീനാരായണ ഗുരുദേവന്റെ 'ദൈവദശക"ത്തിലെ സൂക്തം ഉദ്ധരിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. അദ്വൈത ദർശനത്തെ അടിസ്ഥാനമാക്കിയുള്ള മഹത്തായ പ്രാർത്ഥനയാണിതെന്നും പറഞ്ഞു.
തലാഖ് ചൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതും മറ്റും ഭർത്താവിന്റെ ക്രൂരതയാണ്. പോറ്റാൻ പണമില്ലെങ്കിൽ മുസ്ലിം വ്യക്തി നിയമം ഒന്നിലേറെ വിവാഹം അനുവദിക്കുന്നില്ല. ഭാര്യമാർക്ക് നീതി ഉറപ്പാക്കാൻ കഴിയുമെങ്കിൽ മാത്രം ഒന്നിലേറെ വിവാഹം കഴിക്കാം. മുസ്ലിം സമൂഹത്തിലെ ഭൂരിഭാഗത്തിനും ഒരു ഭാര്യയേ ഉള്ളൂ. നീതി ഉറപ്പുവരുത്തണമെന്നു ഉദ്‌ഘോഷിക്കുന്ന വിശുദ്ധഗ്രന്ഥമാണ് ഖുർ ആൻ എന്നും കോടതി പറഞ്ഞു.