നിയമസഭയിൽ മന്ത്രി ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെ മന്ത്രി വി.ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം. അദ്ദേഹത്തെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും ഇന്ന് ആശുപത്രി വിടുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇന്നലെ രാവിലെ ഒമ്പതിന് ആരംഭിച്ച ചോദ്യോത്തരവേള 13 മിനിട്ട് പിന്നിട്ടിരുന്നു. കെ.ശാന്തകുമാരിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞശേഷം സീറ്റിലിരുന്ന മന്ത്രിക്ക്, ജി.സ്റ്റീഫന്റെ ചോദ്യത്തിന് മറുപടി പറയാൻഎഴുന്നേറ്റപ്പോഴാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. സീറ്റിലിരുന്ന അദ്ദേഹത്തെ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വി.ജോയി തുടങ്ങിയവർ ചേർന്ന് പരിചരിച്ചു. തുടർന്ന് എം.എൽ.എമാർ ചേർന്ന് നിയമസഭയിലെ ക്ലിനിക്കിലെത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഡോക്ടർമാർ രണ്ട് ദിവസത്തെ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്.