അദ്ധ്യാപക തസ്തിക പുതുക്കും: ജൂൺ 30വരെയുള്ള കുട്ടികളുടെ ആധാർ പരിഗണിക്കാൻ നീക്കം

Saturday 20 September 2025 12:00 AM IST

തിരുവനന്തപുരം: അദ്ധ്യാപക തസ്തിക നിർണയത്തിനായി ജൂണിലെ ആറാം പ്രവൃത്തി ദിനത്തിൽ നടത്തിയ കണക്കെടുപ്പിൽ

ക്ളാസിലുണ്ടായിട്ടും ആധാർ ഇല്ലാത്തതിന്റെ പേരിൽ ഒഴിവാക്കപ്പെട്ട 57130 കുട്ടികളെ ഉൾപ്പെടുത്തി പട്ടിക പുതുക്കുന്നത് പരിശോധിക്കാമെന്ന് മന്ത്രി ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. ഇവരിൽ ജൂൺ 30ന് മുമ്പ് ആധാർ ലഭിച്ചവരെ ഉൾപ്പെടുത്തി അദ്ധ്യാപക തസ്തിക പുതുക്കാനാണ് നീക്കം.

3403633 പേർക്ക് യു.ഐ.ഡി ഉണ്ടായിരുന്നു. യു.ഐ‌.ഡി ഇല്ലാത്ത കുട്ടികൾ സ്കൂളിലുണ്ടെങ്കിൽ അനുവദനീയമായതിലും കൂടുതൽപേർ ഒരു ക്ളാസിലിരുന്ന് പഠിക്കേണ്ടി വന്നേക്കാമെന്ന് കുറുക്കോളി മൊയ്തീന്റെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി.

അധാർ മാനദണ്ഡമാക്കാതെ എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകുന്നുണ്ട്. എന്നാൽ, ആധാർ മാനദണ്ഡമാക്കിയാണ് സൗജന്യ യൂണിഫോം നൽകുന്നത്.

പാഠപുസ്തകങ്ങൾക്കായുള്ള ഇൻഡന്റ് മുൻകൂട്ടി രേഖപ്പെടുത്തുന്നതിനാൽ

മുൻവർഷത്തെ കുട്ടികളുടെ എണ്ണത്തിന്റെ രണ്ട് ശതമാനം അധികം ഇൻഡന്റ് രേഖപ്പെടുത്താൻ നിർദ്ദേശിക്കുന്നുണ്ട്.

സ്കൂളുകളിൽ

സുരക്ഷാ ഓഡിറ്റ്

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചതിന് പിന്നാലെ എല്ലാ സ്‌കൂളുകളിലും സുരക്ഷാ ഓഡിറ്റ് നടത്തി. ഫിറ്റ്നസ് ഇല്ലാത്തതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങളുടെയും പട്ടിക തയ്യാറാക്കി തുടർനടപടികൾ സ്വീകരിച്ചുവരുന്നു. സുരക്ഷ ഉറപ്പാക്കാത്ത സ്‌കൂൾ അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഹൈടെക് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി 45000 സെക്കൻഡറി ഹയർ സെക്കൻഡറി ക്ലാസ് മുറികൾ ഹൈടെക് ആക്കി. ഹൈടെക് ലാബ് പദ്ധതിയുടെ ഭാഗമായി പ്രൈമറി ക്ലാസുകളിൽ ഐ.ടി ഉപകരണങ്ങൾ ലഭ്യമാക്കിയതായും വി.ശിവൻകുട്ടി അറിയിച്ചു.