മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തലയുടെ അവകാശ ലംഘന നോട്ടീസ്
തിരുവനന്തപുരം: അച്ചടക്കലംഘനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ സ്വീകരിച്ച നടപടി സംബന്ധിച്ച് നിയമസഭയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സ്പീക്കർക്ക് അവകാശ ലംഘനത്തിനു നോട്ടീസ് നൽകി. നിയമസഭാ നടപടിക്രമവും കാര്യനിർവഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരമാണ് നോട്ടീസ് . അനുമതി നൽകണമെന്ന് കത്തിലൂടെ സ്പീക്കറോട് അഭ്യർത്ഥിച്ചു.
പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ഉപക്ഷേപത്തിന്റെ ചർച്ചയ്ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. 144 പൊലീസുകാരെ പിരിച്ചുവിട്ടു എന്നാണു മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ പേരോ, പദവിയോ, മറ്റ് വിശദാംശങ്ങളോ അടങ്ങുന്ന ലിസ്റ്റ് സഭയുടെ മുൻപാകെ വയ്ക്കാതെയാണ് പ്രസ്താവന നടത്തിയത്. അവാസ്തവമായ കണക്കാണ് മുഖ്യമന്ത്രി പറഞ്ഞത്.
2025 ജനുവരി 23ലെ നക്ഷത്രചിഹ്നം ഇടാത്ത 83ാം നമ്പർ ചോദ്യത്തിനുള്ള മറുപടിയായി ഗുണ്ടകളുമായി ബന്ധമുണ്ടെന്ന കാരണത്താൽ നടപടി നേരിടുന്ന 18 പൊലീസ് ഉദ്യോഗസ്ഥർ സേനയിലുണ്ടെന്ന് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗുണ്ട – പൊലീസ് ബന്ധത്തിന്റെ അടിസ്ഥാനത്തിൽ സസ്‌പെന്റ് ചെയ്തിരുന്ന 14 ഉദ്യോഗസ്ഥരെ തിരിച്ചെടുത്തിരുന്നതായും മുഖ്യമന്ത്രി അറിയിച്ചിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ പൊലീസ് ഉദ്യോഗസ്ഥർ പ്രതികളായ ക്രിമിനൽ കേസുകളെ സംബന്ധിച്ചും അവർക്കെതിരെ വകുപ്പ് തലത്തിൽ സ്വീകരിച്ച നടപടികളെ സംബന്ധിച്ചുമുള്ള മാർച്ച് മൂന്നിലെ നക്ഷത്ര ചിഹ്നം ഇടാത്ത 2026ാം നമ്പർ ചോദ്യത്തിനുള്ള മറുപടിയായി, ക്രോഡീകരിച്ച വിവരങ്ങൾ ലഭ്യമല്ല എന്നാണ് മുഖ്യമന്ത്രി സഭയെ അറിയിച്ചത്. ഇതെല്ലാം വ്യക്തമാക്കുന്നത് മുഖ്യമന്ത്രി പറഞ്ഞ കണക്കുകൾ അവാസ്തവമാണെന്നാണ്.