റോഡ് പണിക്ക് കമ്മിഷൻ സി.പി.എം കൗൺസിലറെ രാജിവയ്പിച്ചു

Saturday 20 September 2025 12:26 AM IST

തിരുവനന്തപുരം: തലസ്ഥാന കോർപ്പറേഷന് കീഴിലെ റോഡിൽ ഇന്റർലോക്ക് ടൈൽ പാകാൻ പ്രദേശവാസികളിൽ നിന്ന് കമ്മിഷൻ ചോദിക്കുകയും ഒരാളിൽ നിന്ന് 5000 രൂപ വാങ്ങുകയും ചെയ്ത സി.പി.എം കൗൺസിലറെ പാർട്ടി ഇടപെട്ട് രാജിവയ്പിച്ചു. സി.പി.എമ്മിന്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി. മുട്ടത്തറ വാർ‌ഡ് കൗൺസിലർ ബി. രാജേന്ദ്രനെതിരെയാണ് നടപടി.

കമ്മിഷൻ അഡ്വാൻസായി ഒരാളിൽ നിന്ന് 5000 രൂപ വാങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. പിന്നാലെ സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയിയും മേയർ ആര്യാ രാജേന്ദ്രനും ഇടപെട്ട് കൗൺസിലർ സ്ഥാനം രാജിവയ്ക്കാൻ രാജേന്ദ്രനോട് ആവശ്യപ്പെടുകയായിരുന്നു.

മുട്ടത്തറ വാർഡിൽ 20 കുടുംബങ്ങൾ താമസിക്കുന്ന സെക്കുലർ ഗാർഡൻസിലെ റോഡിൽ ഇന്റർലോക്ക് ടൈൽ പാകാൻ 12 ലക്ഷം രൂപ കോർപ്പറേഷൻ അനുവദിച്ചു. എത്രയും വേഗം പണി തുടങ്ങുന്നതിനായി പ്രദേശവാസികളോട് രാജേന്ദ്രൻ ഒരു ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി നിർബന്ധിക്കുകയും ചെയ്തു. അതിനിടെ ഒരാൾ 5000 രൂപ കൈമാറി. ഇതിന്റെ ദൃശ്യമാണ് പുറത്തായത്.

സി.പി.എം മൂല്യങ്ങൾക്ക് എതിരായ നടപടിയാണ് കൗൺസിലറുടെ ഭാഗത്ത് നിന്നുണ്ടായത്. അതിനാലാണ് ഒട്ടും വൈകാതെ മാതൃകാപരമായ നടപടി സ്വീകരിച്ചതെന്ന് മേയർ പറഞ്ഞു.

'തെറ്റുപറ്റി, ക്ഷമിക്കണം"

റോഡിലിടാനുള്ള മണലിനു വേണ്ടിയാണ് കാശ് വാങ്ങിയതെന്നാണ് രാജേന്ദ്രന്റെ വിശദീകരണം. കോർപ്പറേഷൻ അംഗീകരിച്ച എസ്റ്റിമേറ്റ് പ്രകാരം രണ്ട് ലോഡ് മണൽ മാത്രമേ ഇറക്കാനാകൂ. ഇതുകൊണ്ട് പണി പൂർത്തിയാക്കാനാകില്ല. കൂടുതൽ മണൽ എത്തിക്കുന്നതിനാണ് പണം വാങ്ങിയത്. തനിക്ക് തെറ്റുപറ്റി, ക്ഷമിക്കണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ശക്തമായ നടപടി:

വി. ജോയി

അഴിമതി കാണിക്കുന്നവരെ അംഗീകരിക്കില്ല. വിളിച്ചു വരുത്തിയാണ് കൗൺസിലറുടെ രാജി വാങ്ങിയതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി. ജോയി. ഇത്തരം വൃത്തികേട് കാണിക്കുന്നവർക്കെതിരെ പാർട്ടി എന്നും ശക്തമായ നടപടിയെടുത്തിട്ടുണ്ട്. ബി.ജെ.പിയും യു.ഡി.എഫും ചെയ്യാത്ത കടുത്ത നടപടിയാണ് സി.പി.എം സ്വീകരിച്ചത്.