പ്രവാസി സംരംഭകർക്കായി പരിശീലന പരിപാടി
തിരുവനന്തപുരം: പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്കാ റൂട്ട്സും സംസ്ഥാന സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റും (സി.എം.ഡി) സംയുക്തമായി സംഘടിപ്പിക്കുന്ന എൻ.ഡി.പി.ആർ.ഇ.എം പരിശീലന പരിപാടി 24 ന് ഇടുക്കി കട്ടപ്പനയിൽ. കട്ടപ്പന പള്ളിക്കവല സി.എസ്.ഐ ഗാർഡൻസ് ബിൽഡിംഗിലെ വൈ.എം.സി.എ ഹാളിൽ (സെന്റ് ജോർജ് കത്തോലിക്കാ പള്ളിക്ക് സമീപം) രാവിലെ 9.30 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന പദ്ധതിയാണ് നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് അഥവ എൻ.ഡി.പി.ആർ.ഇ.എം. ഉചിതമായ സംരംഭങ്ങൾ തിരഞ്ഞെടുക്കുന്നതിനും പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ സാമ്പത്തിക, നിയമ, മാനേജ്മെന്റ് മേഖലകളെ സംബന്ധിച്ചുള്ള മാർഗനിർദ്ദേശങ്ങളും ലഭ്യമാകുന്നതാണ് പരിശീലനം. വിവരങ്ങൾക്ക് ഫോൺ: 0471 2329738, +918078249505
ഗ്രാന്റ് കൈപ്പറ്റണം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ 2014 മുതൽ 2018 വരെയുള്ള കെ.പി.സി.ആർ/എഫ്.സി/ഫിഷറീസ് വിഭാഗങ്ങളിലെ ഇ-ഗ്രാൻസ് റീഫണ്ട് കൈപ്പറ്റിയിട്ടില്ലാത്തവർ ഒക്ടോബർ പത്തിനകം കൈപ്പറ്റണം. അല്ലെങ്കിൽ സർക്കാരിലേക്ക് തിരിച്ചയയ്ക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 0471-2475830.
വിദ്യാർത്ഥികൾക്കായി സംസ്ഥാനതല ക്വിസ് മത്സരം
പത്തനംതിട്ട: അടൂർ സെന്റ് സിറിൾസ് കോളേജിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കും ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കുമായി സംസ്ഥാനതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 24 ബുധൻ രാവിലെ 10ന് കോളേജ് മിനി ആഡിറ്റോറിയത്തിൽ നടക്കും. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് രണ്ട് പേരടങ്ങുന്ന രണ്ട് ടീമുകൾക്ക് പങ്കെടുക്കാം. മത്സരത്തിൽ പ്രാഥമികം, അന്തിമം എന്നിങ്ങനെ രണ്ട് ഘട്ടങ്ങളുണ്ട്. ആനുകാലികം, പൊതു വിജ്ഞാനം എന്നീ മേഖലകളിൽ നിന്നായിരിക്കും ചോദ്യങ്ങൾ. മൂന്ന് വരെ സ്ഥാനങ്ങളിൽ എത്തുന്നവർക്ക് യഥാക്രമം 5000,3000,2000 രൂപയും പ്രശസ്തിപത്രവും പുരസ്കാരവും നൽകും. വിവരങ്ങൾക്ക്: 9400515770.
പുരസ്കാരങ്ങൾക്ക് ഗ്രന്ഥങ്ങൾ ക്ഷണിച്ചു
തിരുവനന്തപുരം: പി.കെ. പരമേശ്വരൻനായർ സ്മാരക ട്രസ്റ്റിന്റെ 2025ലെ പി.കെ. സ്മാരക ജീവചരിത്ര പുരസ്കാരത്തിനും (25000 രൂപയും പ്രശസ്തി ഫലകവും) ഗുപ്തൻനായർ സ്മാരക സാഹിത്യ നിരൂപണഗ്രന്ഥ പുരസ്കാരത്തിനും (20000 രൂപയും പ്രശസ്തിഫലകവും) ഗ്രന്ഥങ്ങൾ ക്ഷണിച്ചു. 2020 ജനുവരി ഒന്നിനും 2024 ഡിസംബർ 31നും ഇടയ്ക്ക് പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളുടെ നാലുപ്രതി വീതം ഒക്ടോബർ 10ന് മുൻപ് സെക്രട്ടറി, പി.കെ. ട്രസ്റ്റ്, ഗംഗാതീർത്ഥം, ടി.സി. 46/2314, ദുർഗാ നഗർ, കരമന പി.ഒ. തിരുവനന്തപുരം -695 002 വിലാസത്തിൽ അയയ്ക്കണം.
സി.ഡി.എസുകൾക്ക് ഐ.എസ്.ഒ അംഗീകാരം
തിരുവനന്തപുരം:കുടുംബശ്രീയുടെ കീഴിലുള്ള 607 സി.ഡി.എസുകൾക്ക് ഐ.എസ്.ഒ (ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡർഡൈസേഷൻ) സർട്ടിഫിക്കേഷൻ അംഗീകാരം.സി.ഡി.എസുകളുടെ പ്രവർത്തനങ്ങളിൽ ഗുണമേന്മ ഉറപ്പുവരുത്തി പൊജുജനങ്ങൾക്ക് സംതൃപ്തി നൽകുന്ന സേവനങ്ങൾ ലഭ്യമാക്കിയതിനാണ് അംഗീകാരം.മാതൃകാപരമായ പ്രവർത്തന മികവിന് വയനാട് ജില്ലയിലെ വെങ്ങപ്പള്ളി സി.ഡി.എസിനാണ് സംസ്ഥാനത്ത് ആദ്യമായി ഐ.എസ്.ഒ സർട്ടിഫിക്കേഷൻ അംഗീകാരം ലഭിച്ചത്.
വനിതാ കമ്മിഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്
തിരുവനന്തപുരം:സംസ്ഥാന വനിതാ കമ്മിഷനിൽ ഒരു അസിസ്റ്റന്റ് തസ്തികയിൽ ഒഴിവ്.ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാനതസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.39,300-83,000 ശമ്പള സ്കെയിലിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം.നിശ്ചിതഫോറത്തിലുള്ള അപേക്ഷ മേലധികാരി മുഖേന നിരാക്ഷേപപത്രം സഹിതം മെമ്പർ സെക്രട്ടറി,കേരള വനിതാ കമ്മിഷൻ,പി.എം.ജി, പട്ടം.പി.ഒ,തിരുവനന്തപുരം 695004ൽ 30നകം ലഭ്യമാക്കണം.