സി.പി.എം നേതാവ് കല്ലിയൂർ ശ്രീധരൻ അന്തരിച്ചു
നേമം: തിരുവനന്തപുരം ജില്ലയിലെ മുതിർന്ന സി.പി.എം നേതാവ് കല്ലിയൂർ ശ്രീധരൻ (79) അന്തരിച്ചു. പെരിങ്ങമല കല്ലിയൂർ കരയ്ക്കാട്ടുവിള വീട്ടിൽ വച്ചായിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
കല്ലിയൂർ പഞ്ചായത്ത് ഓഫീസ്, സി.പി.എം നേമം ഏരിയ കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളിൽ പൊതുദർശനത്തിനു വച്ച മൃതദേഹം, സ്വവസതിയിൽ എത്തിച്ച ശേഷം വൈകിട്ട് ഏഴോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു.
നേമം ഏരിയ സെക്രട്ടറി, കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ്, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഹാൻടെസ് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
അവിവാഹിതനാണ്. ജീവിതം തന്നെ പാർട്ടിക്കും ജനസേവനത്തിനുമായി ഒഴിഞ്ഞുവച്ച ശ്രീധരൻ, കർഷക, നെയ്ത്ത് തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. ചികിത്സയിലിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ കല്ലിയൂരിലെ വസതിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, നിയമസഭ മുൻ സ്പീക്കർ എം.വിജയകുമാർ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.ജോയി, ഡി.കെ.മുരളി, ഐ.ബി.സതീഷ്, മുൻ എം.പി എ.സമ്പത്ത്, ആനാവൂർ നാഗപ്പൻ, എ.നീലലോഹിതദാസൻ നാടാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, എസ്.പി.ദീപക്, എസ്.ശശാങ്കൻ, എസ്.പുഷ്പലത, എ.പ്രതാപ ചന്ദ്രൻ, കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് സോമശേഖരൻ നായർ, വൈസ് പ്രസിഡന്റ് സുധർമ്മ, നേമം ബ്ലോക്ക് പ്രസിഡന്റ് അഡ്വ. പ്രീജ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.