എന്ന് തീരും??? മലപ്പുറത്തെ സൗന്ദര്യവത്ക്കരണം

Friday 19 September 2025 11:31 PM IST

മലപ്പുറം: മലപ്പുറം ജില്ലാ ആസ്ഥാനത്തിന്റെ സൗന്ദര്യവത്ക്കരണ നടപടികൾ ഇഴഞ്ഞ് നീങ്ങുന്നു. മലപ്പുറം കുന്നുമ്മൽ, കോട്ടപ്പടി ടൗൺ ജംഗ്ഷനുകളിലെ സൗന്ദര്യവത്കരണമാണ് എങ്ങുമെത്താതെ കിടക്കുന്നത്. ജംഗ്ഷനിൽ സ്തൂപങ്ങൾ, റോഡുകൾ ബി.എം ആന്റ് ബി.സി ചെയ്യൽ, നടപ്പാതകളിൽ ടൈൽ പാകി ഹാൻഡ് റെയിൽ സ്ഥാപിക്കൽ തുടങ്ങിയ പദ്ധതികളാണ് വെളിച്ചം കാണാതെ കിടക്കുന്നത്. 2024-25 വർഷത്തെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച അഞ്ച് കോടി രൂപയുടെ പ്രവൃത്തികളുടെ ഫയൽ നടപടികളാണിത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ മലപ്പുറം ടൗൺ പരിസരങ്ങളിലാണ് വിളക്കുകൾ സ്ഥാപിക്കുന്നത്. മാത്രമല്ല, മലപ്പുറം എം.എസ്.പി ക്യാംപ് മുതൽ മച്ചിങ്ങൽ ജംഗ്ഷന് വരെ അലങ്കാര വിളക്കുകൾ സ്ഥാപിക്കുന്നതും പദ്ധതിയിലുണ്ട്. പൊതുമരാമത്ത് വിഭാഗം പദ്ധതി തയ്യാറാക്കി ദേശീയപാതാ വിഭാഗത്തിന് സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇവർ ആവശ്യപ്പെട്ട വിശദമായ റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചിട്ടില്ല. കഴിഞ്ഞ മാസം നടത്തിയ പദ്ധതി അവലോകന യോഗത്തിൽ മരാമത്ത് റോഡ്സ് വിഭാഗം അടുത്ത ആഴ്ച തന്നെ റിപ്പോർട്ട് നൽകുമെന്ന് അറിയിച്ചിരുന്നു. എന്നാൽ സിവിൽ സ്റ്റേഷനിലുള്ള ദേശീപാതാ വിഭാഗത്തിന് ഇതുവരെയും ലഭിച്ചിട്ടില്ല. പദ്ധതി സംബന്ധിച്ച് കൂടുതൽ വിശദീകരണങ്ങൾ ദേശീയപാതാ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇവയുടെ വിവരങ്ങൾ ശേഖരിച്ച് വരുകയാണെന്നും മരാമത്ത് റോഡ്സ് ഡിവിഷൻ വിഭാഗം അധികൃതർ പറയുന്നു. മാത്രമല്ല, വിവരങ്ങൾ ശേഖരിച്ച് കഴിഞ്ഞാൽ ഉടനെ റിപ്പോർട്ട് സമർപ്പിക്കുമെന്നും അധികൃതർ പറയുന്നു. പദ്ധതി നടപ്പാക്കാൻ കാലതാമസം എടുക്കുന്നതിനെ തുടർന്ന് പ്രതിഷേധവും ഉയരുന്നുണ്ട്.

അതേസമയം, കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ മുട്ടിപ്പടിയിലുള്ള അഞ്ചീനിക്കുളം സൗന്ദര്യവൽക്കരണം ഉടൻ പൂർത്തിയാവും. ഈ വർഷം അവസാനം പണി പൂർത്തിയാകുന്നതോടെ രണ്ട് വർഷത്തോളമായി മുടങ്ങിക്കിടന്ന അഞ്ചീനിക്കുളം സൗന്ദര്യവത്കരണം പദ്ധതി വെളിച്ചം കാണും. കേന്ദ്ര സർക്കാരിന്റെ നഗരസഞ്ചയം പദ്ധതിയിൽ ഉൾപ്പെടുത്തി 3.5 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരുന്നത്. കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലാണ് 2023 മേയിൽ പല കാരണങ്ങളാൽ പണി നിറുത്തിവച്ചത്. ഒടുവിൽ കോടതിയെ സമീപിച്ചതോടെ എൻ.ഒ.സി നൽകാൻ ഉത്തരവായതിനെ തുടർന്നാണ് പണി പുനരാരംഭിച്ചത്.